കുവൈത്ത് സിറ്റി: നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശക്തമായ സുരക്ഷാ, ട്രാഫിക് പരിശോധന കാമ്പയിന് തുടക്കം കുറിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് പ്രധാന റോഡുകളിലും ഹൈവേകളിലും ഉൾപ്പെടെ കർശനമായ പരിശോധനകൾ നടത്തുന്നത്.
വ്യാഴാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ഈ കാമ്പയിനിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്, എമർജൻസി പോലീസ്, പ്രൈവറ്റ് സെക്യൂരിറ്റി വിഭാഗം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പങ്കാളികളായി. താമസ നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നിവ ലംഘിക്കുന്നവരെ കണ്ടെത്തുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം.
പരിശോധനയുടെ ആദ്യ ദിനത്തിൽ തന്നെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്താനായി. 934 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിന് ആറുപേരും, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായിരുന്ന ഒമ്പത് പേരും പിടിയിലായി. ലൈസൻസില്ലാതെ വാഹനമോടിച്ച മൂന്ന് പ്രായപൂർത്തിയാകാത്തവരെയും അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരാളെയും കസ്റ്റഡിയിലെടുത്തു. കൂടാതെ, മയക്കുമരുന്ന്, മദ്യം എന്നിവ കൈവശം വെച്ചതിന് സംശയിക്കുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമപാലനത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.എന്തെങ്കിലും നിയമലംഘനങ്ങളോ സംശയാസ്പദമായ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്