കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന്റെയും വിനോദസഞ്ചാര, വാണിജ്യ മേഖലകളെ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുന്നതായി പ്രാദേശിക പത്രമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫാമിലി വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസമായി ഉയർത്തുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ, ഈ വിസകൾ ആറ് മാസമോ ഒരു വർഷം വരെയോ നീട്ടാനും അവസരമൊരുങ്ങും.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് അറബ് ടൈംസിനു അനുവദിച്ച ടെലിഫോൺ അഭിമുഖ ത്തിലാണ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. ‘കുവൈത്ത് വിസ’ പ്ലാറ്റ്ഫോമിലെ പോരായ്മകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. പുതിയ മാറ്റങ്ങൾ താമസിയാതെ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാന മാറ്റങ്ങൾ :
- ഫാമിലി വിസ കാലാവധി: നിലവിൽ ഒരു മാസമായിരുന്ന ഫാമിലി വിസിറ്റ് വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തും.ആവശ്യമായ ഫീസ് അടച്ച് സന്ദർശകർക്ക് ഈ വിസ ആറ് മാസമോ ഒരു വർഷം വരെയോ ദീർഘിപ്പിക്കാൻ സാധിക്കും.
- ബിരുദ യോഗ്യത: വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള സ്പോൺസറുടെ സർവ്വകലാശാല ബിരുദം എന്ന നിബന്ധന ഒഴിവാക്കും. ഇത് കൂടുതൽ പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സഹായകമാകും.
- ടിക്കറ്റ് നിബന്ധനയിൽ ഇളവ്: സന്ദർശക വിസയിൽ വരുന്നവർ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനികളിൽ ടിക്കറ്റ് എടുക്കണമെന്ന നിബന്ധനയും റദ്ദാക്കും.
- ബന്ധുക്കളുടെ പരിധി വർദ്ധിപ്പിച്ചു: മുൻപ് ഉൾപ്പെടുത്തിയിട്ടില്ലാത്ത നാലാം തലമുറ വരെയുള്ള ബന്ധുക്കൾക്കും ഇനി വിസക്ക് അർഹതയുണ്ടാകും.
- പുതിയ ഇ-വിസ പ്ലാറ്റ്ഫോം: ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഒഫീഷ്യൽ എന്നിങ്ങനെ നാല് തരം വിസകൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കുന്ന പുതിയ ഇ-വിസ സംവിധാനം അടുത്തിടെ ആരംഭിച്ചിരുന്നു.
ഈ മാറ്റങ്ങൾ കുവൈത്തിനെ ലോകത്തിന് മുന്നിൽ ഒരു പ്രധാന വിനോദസഞ്ചാര, വാണിജ്യ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. പ്രവാസികൾക്കും പൗരന്മാർക്കും തങ്ങളുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും പുതിയ നിയമങ്ങൾ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വിസ ഫീസുകൾ സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭയുടെ പരിഗണനയിലാണ്








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്