കു വൈറ്റ് സിറ്റി: രാജ്യത്തുടനീളം വായുമലിനീകരണ തോത് കൃത്യമായി നിരീക്ഷിക്കുന്നതിനായി സാങ്കേതിക നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി കുവൈറ്റ് എൻവിറോൺമെന്റ് പബ്ലിക് അതോറിറ്റി (EPA). അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്ഥിരവും മൊബൈലുമായ (Fixed & Mobile) നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്തുവരികയാണെന്ന് അതോറിറ്റി അറിയിച്ചു.
അന്താരാഷ്ട്ര ശുദ്ധവായു ദിനത്തോട് അനുബന്ധിച്ച് കുവൈറ്റ് ന്യൂസ് ഏജൻസിക്ക് (KUNA) നൽകിയ അഭിമുഖത്തിലാണ് ഇപിഎ എയർ ക്വാളിറ്റി മോണിറ്ററിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഷരീഫ് അൽ-ഖയാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. വായുവിലെ മലിനീകരണ വസ്തുക്കളുടെ സാന്നിധ്യം, ഉയർന്ന താപനില, പൊടിക്കാറ്റ് തുടങ്ങിയ പ്രകൃതിദത്തവും കാലാവസ്ഥാപരവുമായ വ്യതിയാനങ്ങൾ അന്തരീക്ഷ ഗുണനിലവാരത്തെ എപ്രകാരം ബാധിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ നിരന്തര നിരീക്ഷണം സഹായിക്കുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും കാലിബ്രേഷനും കൃത്യമായ ഇടവേളകളിൽ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലിനീകരണത്തിന്റെ ഉറവിടങ്ങളെക്കുറിച്ചും അവ ജനങ്ങളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതൽ പഠിക്കുന്നതിനായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചും (KISR) ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തുമായി ചേർന്നുള്ള സഹകരണ പഠനം പുരോഗമിക്കുകയാണ്. 2027 ഡിസംബറോടെ പൂർത്തിയാകുന്ന ഈ പദ്ധതി പ്രാദേശികവും അതിർത്തി കടന്നെത്തുന്നതുമായ വായുമലിനീകരണത്തെക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങൾ നൽകും. പൊതുജനാരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമായി സർക്കാരും സ്വകാര്യ മേഖലയും പൊതുജനങ്ങളും ഒരുമിച്ച് കൈകോർക്കണമെന്നും, മലിനീകരണം കുറയ്ക്കുന്ന രീതികൾ ശീലമാക്കണമെന്നും ഇപിഎ അഭ്യർത്ഥിച്ചു.





More Stories
നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസ് അടച്ചു പൂട്ടി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം
കുവൈറ്റ് അൽ അസിമാ ഗവർണറേറ്റിൽ വ്യാപക സുരക്ഷാ പരിശോധന : 257 നിയമലംഘനങ്ങൾ രേഖപ്പെടുത്തി ; നിരവധി പേർ പിടിയിൽ
555 പേരുടെ വിലാസം കൂടി നീക്കം ചെയ്ത് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) ; മേൽവിലാസം പുതുക്കിയില്ലെങ്കിൽ 100 ദിനാർ പിഴ