March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഈ വർഷം നിയമം ലംഘിച്ച 28,984 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം

കുവൈത്തിൽ ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിവിധ രാജ്യക്കാരായ 28,984 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനായി നടത്തി വരുന്ന സുരക്ഷാ കാമ്പയിനുകളുടെ ഭാഗമായാണ് ഇത്രയും പേരെ നാടുകടത്തിയത്.

നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും താമസ നിയമം ലംഘിച്ചവർ, ഒളിച്ചോടിയവർ, യാചകർ എന്നിവരാണ്. ഇതുകൂടാതെ, മയക്കുമരുന്ന് കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്തവർ, സുരക്ഷാ-സാമൂഹിക പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ള സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എന്നിവരും കൂട്ടത്തിലുണ്ട്. രാജ്യത്തിന്റെ പൊതുതാൽപര്യം മുൻനിർത്തി നാടുകടത്തപ്പെട്ടവരും ഈ കണക്കുകളിൽ ഉൾപ്പെടുന്നു.

നിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സെക്ടറുകൾ രാജ്യമെമ്പാടും സുരക്ഷാ കാമ്പയിനുകൾ ശക്തമായി തുടരുകയാണെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആയിരക്കണക്കിന് നിയമ ലംഘകരെയാണ് ഇത്തരം ഓപ്പറേഷനുകളിലൂടെ ഇതിനോടകം അറസ്റ്റ് ചെയ്തത്.

നാടുകടത്തൽ നടപടികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കാനാണ് ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. സാധുവായ പാസ്‌പോർട്ടോ യാത്രാരേഖയോ ഉള്ള ഒരാളുടെ ശരാശരി തടങ്കൽ കാലാവധി ഏകദേശം മൂന്ന് ദിവസമാണ്.

നാടുകടത്തപ്പെടുന്ന വ്യക്തിക്കോ അല്ലെങ്കിൽ അവരുടെ സ്പോൺസർക്കോ എയർലൈൻ ടിക്കറ്റ് നൽകാൻ കഴിയുന്നില്ലെങ്കിൽ, ആഭ്യന്തര മന്ത്രാലയം യാത്രാ ചെലവ് വഹിക്കും. മന്ത്രാലയവുമായി കരാറിലേർപ്പെട്ട ട്രാവൽ ഏജൻസികൾ വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ടിക്കറ്റിന്റെ തുക പിന്നീട് വ്യക്തിഗത സ്പോൺസറിൽ നിന്നോ കമ്പനിയിൽ നിന്നോ മന്ത്രാലയം ഈടാക്കും. തുക തിരിച്ചടയ്ക്കുന്നത് വരെ സ്പോൺസർമാർക്ക് യാത്രാ വിലക്കോ സാമ്പത്തിക വിലക്കോ ഏർപ്പെടുത്താറുണ്ട്.

യാത്രാരേഖകൾ ഇല്ലാത്തവരുടെ കാര്യത്തിൽ, തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷനുമായി ഏകോപിപ്പിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ കാര്യ വകുപ്പ് വഴി അതത് എംബസികളുമായി ബന്ധപ്പെട്ടാണ് എമർജൻസി യാത്രാരേഖകൾ സംഘടിപ്പിക്കുന്നത്. ചില എംബസികൾ യാത്രാരേഖകൾ നൽകുന്നതിലെ കാലതാമസം മൂലമോ അല്ലെങ്കിൽ പബ്ലിക് പ്രോസിക്യൂഷൻ ഏർപ്പെടുത്തിയ യാത്രാവിലക്ക് മൂലമോ ചില കേസുകളിൽ തടങ്കൽ കാലാവധി നീണ്ടുപോകാറുണ്ട്.

error: Content is protected !!