കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ 15 വർഷമായി സജീവ സാന്നിധ്യമായ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം ‘മലബാർ മഹോത്സവം – 2026’ ഫെബ്രുവരി 13 വെള്ളിയാഴ്ച നടക്കും. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ ഒരുക്കുന്ന ‘കോഴിക്കോട്ടങ്ങാടി’യിലാണ് പരിപാടികൾ അരങ്ങേറുന്നത്. പ്രശസ്ത നടനും നിർമാതാവുമായ ഹരീഷ് പേരടി മഹോത്സവം ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മൈലാഞ്ചി മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പ്രശസ്ത ഗായിക മഞ്ജരിയും ബാൻഡും നയിക്കുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്ട്, ആസിഫ് കാപ്പാടിന്റെ സംഗീത വിരുന്ന്, ഗസൽ സന്ധ്യ, അറബ്-ഇന്ത്യൻ സംസ്കാരങ്ങൾ കോർത്തിണക്കിയ നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. മലബാർ മഹോത്സവത്തോടനുബന്ധിച്ച് പ്രവാസി പ്രതിഭകൾക്കായി സംഘടിപ്പിച്ച ‘കഥാരസം’ ചെറുകഥാ മത്സരത്തിലെ വിജയികളെയും ചടങ്ങിൽ ആദരിക്കും.
ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി സാധാരണക്കാരായ പ്രവാസികളുടെ കൂട്ടായ്മയായി പ്രവർത്തിക്കുന്ന കെ.ഡി.എൻ.എ, വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സംഘടനയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ മരണപ്പെട്ട പത്തോളം അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഇതിനോടകം സാമ്പത്തിക സഹായം നൽകാൻ സാധിച്ചു. അപകടത്തിൽപ്പെടുന്നവർക്കുള്ള ചികിത്സാ സഹായം, അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ-കലാ പ്രോത്സാഹനങ്ങൾ എന്നിവയ്ക്കും സംഘടന മുൻഗണന നൽകുന്നു. പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘മെഡിക്കൽ വിങ്’ അംഗങ്ങൾക്ക് വലിയ ആശ്വാസമാണ്.
ഉച്ചയ്ക്ക് 3 മണിയോടെ ആരംഭിക്കുന്ന കലാ-സാംസ്‌കാരിക വിരുന്നിലേക്ക് കുവൈറ്റിലെ പൊതുസമൂഹത്തെയും മാധ്യമ-വ്യവസായ പ്രമുഖരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ, ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, മുൻ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ, വുമൺ ഫോറം പ്രസിഡന്റ് ലീന റഹ്മാൻ എന്നിവർ പങ്കെടുത്തു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു