കുവൈറ്റ് സിറ്റി, ജൂൺ 13: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസി, പ്രവാസി സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈറ്റ് ചാപ്റ്റർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് (FID) എന്നിവയുമായി സഹകരിച്ച് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ആശുപത്രിയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ചാണ് ക്യാമ്പ് നടന്നത്.
ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഹെർ എക്സലൻസി പർമിത ത്രിപാഠിയും അഹമ്മദി ഗവർണറേറ്റ് ഗവർണർ ഹിസ് എക്സലൻസി ശൈഖ് ഹമൂദ് ജാബർ അൽ അഹമ്മദ് അൽ സബാഹും ചേർന്ന് സംയുക്തമായി നിർവ്വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം ക്യാമ്പിലെ ആദ്യത്തെ രക്തദാതാവായി സ്വയം മുന്നോട്ട് വന്ന് അഹമ്മദി ഗവർണർ മറ്റുള്ളവർക്ക് മികച്ച മാതൃകയായി.

“മാനവികതയുടെയും സേവനസന്നദ്ധതയുടെയും ഉദാത്തമായ പ്രതീകമാണ് ഈ ക്യാമ്പ്. ഇന്ത്യൻ സമൂഹത്തിന്റെ ഈ കൂട്ടായ്മ ഇന്ത്യ-കുവൈറ്റ് സൗഹൃദത്തിന്റെ ദൃഢതയെ ഒരിക്കൽ കൂടി അടിവരയിടുന്നു.” ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി
കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്നും സന്നദ്ധ പ്രവർത്തകരിൽ നിന്നും ക്യാമ്പിന് അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചത്. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് രക്തം ദാനം ചെയ്യാനായി അദാൻ ആശുപത്രിയിൽ എത്തിയത്. ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച രക്തദാതാക്കൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ബി.ഡി.കെ, എഫ്.ഐ.ഡി സന്നദ്ധപ്രവർത്തകർ എന്നിവർക്ക് ഇന്ത്യൻ എംബസി പ്രത്യേക നന്ദി രേഖപ്പെടുത്തി.





More Stories
ഇൻകാസ് കുവൈറ്റ് സ്വാതന്ത്ര്യദിനസംഗമം 2026
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടർബോസ് ബാഡ്മിന്റൺ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സിവിൽ ഐഡിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഫോൺ കണക്ഷനുകളും ഇനി മുതൽ ‘സഹെൽ’ ആപ്പിലൂടെ അറിയാം; പുതിയ സേവനവുമായി കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ( CITRA )