കുവൈറ്റ് സിറ്റി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെത്തുടർന്ന് കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ച സാഹചര്യത്തിൽ, ഇന്ത്യൻ പൗരന്മാരുടെ യാത്രാക്ലേശം ലഘൂകരിക്കുന്നതിനായി ജസീറ എയർവേയ്‌സ് പ്രതിനിധികളുമായി ഇന്ത്യൻ എംബസി പ്രത്യേക ചർച്ച നടത്തി. ഇന്ത്യൻ അംബാസഡർ പരാമിത ത്രിപാഠിയുടെ നേതൃത്വത്തിലാണ് വിമാനക്കമ്പനി അധികൃതരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയത്.
ഫെബ്രുവരി 28 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും അടിയന്തര യാത്രാ ആവശ്യങ്ങളുള്ളവർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് എംബസി മുൻഗണന നൽകുന്നത്. നിലവിലെ വിമാന സർവീസുകളുടെ സ്ഥിതിഗതികളും ബദൽ മാർഗങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.
ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവുമാണ് എംബസിയുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് അംബാസഡർ പരാമിത ത്രിപാഠി വ്യക്തമാക്കി. വിമാനക്കമ്പനികളും എംബസിയും തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ജസീറ എയർവേയ്‌സിന് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകശ എയർ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളുടെ പ്രതിനിധികളുമായും എംബസി ആശയവിനിമയം നടത്തുന്നുണ്ട്.
കുവൈറ്റിലെ വ്യോമപാത അടച്ചതിനെത്തുടർന്ന് വിമാനങ്ങൾ സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുന്നതടക്കമുള്ള ബദൽ ക്രമീകരണങ്ങൾ ജസീറ എയർവേയ്‌സ് ആലോചിക്കുന്നുണ്ട്. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് കൃത്യമായ വിവരങ്ങളും സഹായങ്ങളും നൽകുന്നതിനായി എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട മാറ്റങ്ങളും ഔദ്യോഗിക അറിയിപ്പുകളും എംബസിയുടെ വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും പ്രവാസികൾ പിന്തുടരണമെന്ന് അധികൃതർ അറിയിച്ചു.








More Stories
തെക്കൻ കുവൈറ്റിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ച് രണ്ടുപേർക്ക് പരിക്ക് ; തീപിടുത്തം നിയന്ത്രണ വിധേയമാക്കി
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം; ആര്‍ക്കും പരിക്കില്ല
സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെ വന്ന ആറ് ഡ്രോണുകൾ തകർത്ത് കുവൈറ്റ് നാഷണൽ ഗാർഡ്