ആദ്യദിനം ഗാന്ധി സ്മരണയിൽ
ചുമതലയേറ്റ ശേഷം ആദ്യ ദിനം, സമാധാനം, സത്യം, സേവനം എന്നീ ഗാന്ധിജിയുടെ ആദർശങ്ങളുടെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചുകൊണ്ട് സ്ഥാനപതി പരംമിത ത്രിപാഠി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യയുടെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ഹരിത ഭാവിക്കും വേണ്ടിയുള്ള പ്രതിബദ്ധതയുടെ പ്രതീകമായി “ഏക് പേഡ് മാ കേ നാം” പരിപാടിയുടെ ഭാഗമായി അവർ ഒരു വേപ്പ് തൈ നടുകയും ചെയ്തു.

കൂടാതെ, രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് ‘ശിലാഫലകത്തിൽ’ പുഷ്പാർച്ചന നടത്തി.

നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച
ചുമതലയേറ്റതിന് പിന്നാലെ, സ്ഥാനപതി പരംമിത ത്രിപാഠി കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് ഫോറിൻ മിനിസ്റ്റർ എച്ച്.ഇ. മിസ്റ്റർ അബ്ദുൽ മൊഹ്സെൻ ജാബർ അൽ-സൈദുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ നിയമന പകർപ്പ് (credentials) സമർപ്പിക്കുകയും ചെയ്തു.

രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ജനകീയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള പൊതുവായ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് ഇരു നേതാക്കളും ഇന്ത്യ-കുവൈറ്റ് ശക്തമായ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു.
ബന്ധം കൂടുതൽ ദൃഢമാക്കും: സ്ഥാനപതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളിലും, കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നേതൃത്വത്തിലും അധിഷ്ഠിതമായി, വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, സംസ്കാരം, പ്രവാസി ബന്ധം തുടങ്ങിയ മേഖലകളിലൂടെ ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ താൻ പ്രതിജ്ഞാബദ്ധയാണെന്ന് സ്ഥാനപതി ആവർത്തിച്ചു വ്യക്തമാക്കി.
കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യൻ അംബാസഡറും ഗൾഫ് മേഖലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ വനിത എന്ന ബഹുമതി ലഭിച്ചതിലുള്ള സന്തോഷവും അവർ പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിൽ സൗഹൃദത്തിന്റെ അനശ്വര പാലമായി വർത്തിക്കുന്ന കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ മഹത്തായ സംഭാവനകളെ അവർ അഭിനന്ദിക്കുകയും, ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പിന്തുണ നൽകുന്ന കുവൈറ്റി സർക്കാരിലെയും, ബിസിനസ്, സാംസ്കാരിക മേഖലകളിലെയും പങ്കാളികൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്