November 10, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രവാസികളുടെ നിയമപരിരക്ഷയ്ക്ക് കൈത്താങ്ങായി സൗജന്യ ലീഗൽ ക്ലിനിക് – 3

കുവൈറ്റ് സിറ്റി: പ്രവാസി മലയാളികൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങൾക്ക് മാർഗനിർദേശങ്ങളും നിയമസഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെൽ (PLC) കുവൈറ്റ് ചാപ്റ്ററും ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻസ് (FIRA Kuwait) കുവൈറ്റും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് സൗജന്യ ലീഗൽ ക്ലിനിക് ശ്രദ്ധേയമായി. നിരവധി പ്രവാസി ഇന്ത്യക്കാർ ലീഗൽ ക്ലിനികിൽ പങ്കെടുത്തു.

നവംബർ 5 വ്യാഴാഴ്ച അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഓപ്പറേഷൻസ് മാനേജർ സുബൈർ ഉദ്ഘാടനം ചെയ്തു. പി എൽ സി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജിത്ത് സ്വാഗതം ആശംസിച്ചു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളും നിയമസഹായ പദ്ധതികളും പി എൽ സി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് വിശദീകരിച്ചു.

പ്രമുഖ കുവൈറ്റ് അഭിഭാഷകൻ അഡ്വ. ഡോ. തലാൽ താക്കി മുഖ്യപ്രഭാഷണം നടത്തി. കുവൈറ്റിലെ നിയമവ്യവസ്ഥ, പ്രവാസികളുടെ നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, തൊഴിൽ തർക്കങ്ങൾ, ശമ്പള കുടിശ്ശിക, തൊഴിൽ കരാറുകൾ, താമസരേഖകൾ, സിവിൽ നിയമപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നിയമപരമായ മാർഗനിർദേശങ്ങൾ നൽകി.

നിയമപരമായ അറിവില്ലായ്മയും ഭാഷാപരമായ പരിമിതികളും മൂലം പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനും നിയമാവബോധം വർധിപ്പിക്കുന്നതിനും ഇത്തരം സൗജന്യ നിയമസഹായ സംരംഭങ്ങൾ സഹായകരമാണെന്ന് സംഘാടകർ വ്യക്തമാക്കി.

അൽ നഹീൽ ക്ലിനിക് മാർക്കറ്റിംഗ് ഹെഡ് അസ്സലാം, ഫിറ കുവൈറ്റ് ജനറൽ സെക്രട്ടറി ചാൾസ് ജോർജ്, പി എൽ സി ഗ്ലോബൽ വനിതാ കോ ഓർഡിനേറ്റർ ഷൈനി ഫ്രാങ്ക് എന്നിവർ ആശംസകൾ നേർന്നു. പി എൽ സി കുവൈറ്റ് ചാപ്റ്റർ ട്രഷറർ രാജേഷ് ഗോപി നന്ദി പ്രകാശിപ്പിച്ചു.

പ്രവാസികളുടെ നിയമപരമായ അവകാശസംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി ഇത്തരം നിയമസഹായ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

error: Content is protected !!