March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാന്ത്വനം കുവൈറ്റ്‌ പാലിയേറ്റീവ്* സെന്റർ & കമ്മ്യൂണിറ്റി ഹാൾ, പശുപ്പാറ- ഉദ്ഘാടനം സെപ്റ്റംബർ 13

ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ 25 വർഷമായി നിസ്തുല സേവനം നടത്തുന്ന കുവൈറ്റ് മലയാളി സംഘടനയായ സാന്ത്വനം കുവൈറ്റും, 27 വർഷമായി ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പശുപ്പാറയിൽ പ്രവർത്തിച്ചുവരുന്ന പശുപ്പാറ പീപ്പിൾസ് ക്ലബ്‌ & ലൈബ്രറിയും ചേർന്ന് പശുപ്പാറയിൽ നിർമ്മിച്ച പാലിയേറ്റീവ് സെന്ററിന്റെയും കമ്മ്യൂണിറ്റി ഹാൾ & ലൈബ്രറിയുടെയും ഉദ്ഘാടനം 2025 സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 11 മണിക്ക് പശുപ്പാറയിൽ ബഹു. ജലവിഭവ വകുപ്പ്‌ മന്ത്രി ശ്രീ. റോഷി അഗസ്റ്റ്യൻ നിർവ്വഹിക്കും. സാന്ത്വനം കുവൈറ്റ്‌ പ്രസിഡന്റ്‌ ജ്യോതിദാസ്‌ പി.എൻ. യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.

സാന്ത്വനം കുവൈറ്റിന്റെ സ്പെഷ്യൽ പദ്ധതിയുടെ ഭാഗമായി, 38 ലക്ഷം രൂപ മുടക്കിയാണ് ഈ സംരംഭം പൂർത്തിയാക്കിയിരിക്കുന്നത്. 2024 ജൂലൈ ഏഴാം തീയതി അന്തരിച്ച ബഹു. എം.എൽ.എ. ശ്രീ വാഴൂർ സോമൻ ശിലാസ്ഥാപനം നിർവഹിച്ചു. ഒരു വർഷം കൊണ്ട് ബിൽഡിംഗ് നിർമ്മാണം പൂർത്തിയായി.

ഇതോടനുബന്ധിച്ച്‌, റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരിച്ചൻ നീരാനാംകുന്നേൽ നിർവഹിക്കും. ഓണക്കിറ്റ് വിതരണം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി പി ജോണും, വിവിധ അവാർഡുകളുടെ വിതരണം ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജെയിംസ് ജേക്കബും, വായനാ വസന്തത്തിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ കെ എം ബാബുവും നിർവഹിക്കും.

കലാസന്ധ്യയുടെ ഉദ്ഘാടനം മലനാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് അഡ്വക്കേറ്റ് സിറിയക് തോമസ് നിർവഹിക്കുന്നതും, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തുന്നതും ആണ്. വിവിധ പഞ്ചായത്ത് മെമ്പർമാർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, മത പുരോഹിതന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

അന്നേദിവസം യോഗത്തിലെത്തിച്ചേരുന്ന മുഴുവനാളുകൾക്കും സ്നേഹവിരുന്ന്, വിവിധ കലാപരിപാടികൾ, കരോക്കെ ഗാനമേള എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് പശുപ്പാറ പീപ്പിൾസ് ക്ലബ്ബ് പ്രസിഡന്റ് അഭിലാഷ് കെ ബി, സെക്രട്ടറി രാജൻ ആർ, സാന്ത്വനം കുവൈറ്റ്‌ പ്രസിഡന്റ്‌ ജോതിദാസ്‌, സെക്രട്ടറി സന്തോഷ്‌ കുമാർ പി. എന്നിവർ അറിയിച്ചു.

error: Content is protected !!