May 6, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തുടരുന്ന കുടുംബപുരാണങ്ങൾ

നന്നേ ചെറുപ്പത്തിൽ കണ്ട ഒരു നല്ല ചലച്ചിത്രം കഴിഞ്ഞ ദിവസം വീണ്ടും കണ്ടു. അതിലെ കാഴ്ചകൾ പകർത്തേണ്ടത് തികച്ചും അനിവാര്യമാണെന്ന് തോന്നി. നമ്മളിടങ്ങളിൽ ഇങ്ങനെയും ചിലർ ഇന്നും ജീവിക്കുന്നുണ്ട് എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അതിലെ ഓരോ രംഗവും.

ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണ ജീവിതങ്ങളുടെ പച്ചയായ യാഥാർത്ഥ്യങ്ങൾ കൊരുത്തു വെച്ച സിനിമയാണ് കുടുംബപുരാണം(1988).

കാലമിത്ര പിന്നിട്ടിട്ടും സിനിമ
വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഘടകം, ജീവിതഗന്ധിയായ സവിശേഷതകളിൽ ഊന്നിയുള്ള ദൃശ്യാവിഷ്കാരം തന്നെ.

ശങ്കരൻനായർ എന്ന ഗൃഹനാഥൻ നിയന്ത്രിതമായ ഒരു സമൂഹത്തിന്റെ സാർവകാലികമായ അടയാളപ്പെടുത്തൽ കൂടി ആയിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് തനിക്കുവേണ്ടി ജീവിക്കാതെ മക്കൾക്കായി ജീവിതം ഹോമിച്ച എല്ലാ അച്ഛൻമാരുടേയും പ്രതീകം.

പൊതുവേ കാർക്കശ്യസ്വഭാവം അല്ലാതിരുന്നിട്ടു കൂടി ശങ്കരൻനായർ അനുഭവിക്കുന്ന ദുർഘടങ്ങൾ കണ്ടിരിക്കുന്നവരുടെ ഹൃദയങ്ങളിൽ മുള്ളാണി പോലെ തറക്കുന്നുണ്ടു്.

മൂന്നു്പതിറ്റാണ്ടുകൾക്കു മുൻപിറങ്ങിയ ചലച്ചിത്രം, ഇത്തരം അലസ സംസ്കാരവും വ്യവസ്ഥിതിയും, സമ്പ്രദായവും കാലാനുസൃതമായി മാറേണ്ടതുണ്ടെന്നു് പ്രേക്ഷകനോട് പറഞ്ഞു വയ്ക്കുന്നു.

ഓട്ടോറിക്ഷ ഡ്രൈവർക്ക് ബാക്കി കൊടുക്കാനുള്ള തുച്ഛമായ തുക കണക്കുപറഞ്ഞു് തിരിച്ചു വാങ്ങാനുള്ള തത്രപ്പാടിനിടയിൽ നടന്ന അവ്യയമായ സംവാദത്തിലൂടെയാണു് ശങ്കരൻനായരുടെ മൂത്തമകൻ
കൃഷ്ണനുണ്ണിയെ ആദ്യമായി ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നതു്.

ലുബ്‌ധിൽ പൊതിഞ്ഞിരിക്കുന്ന വ്യക്തിയുടെ സ്വഭാവം എങ്ങനെ എന്നുള്ളതിന്റെ അനാച്ഛാദനം കൂടിയായിരുന്നു അതു്.

ഒരുപക്ഷേ ബാങ്ക് ഉദ്യോഗസ്ഥനായ അയാളുടെ പുലരിമദ്ധ്യാഹ്നങ്ങൾ അവസാനിക്കുന്നതു് കണക്കുകളിൽ കൂടി ആയതുകൊണ്ടു് ഭാവിയിലേക്കുള്ള സ്വരുക്കൂട്ടൽ ആയിരുന്നിരിക്കാം. എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന തുകയിൽനിന്നു് കുടുംബഭാരം എങ്ങനെ നടത്തിക്കൊണ്ടു് പോകാനാകും എന്ന ആന്തരികചിന്ത കാടുകയറിയതിനാലാവാം സമശീർഷതാമനോഭാവത്തോടെ കുടുംബത്തിനകത്തും പുറത്തും അയാൾക്ക് പെരുമാറാൻ സാധിക്കാതിരുന്നതു്.

ഒരു ഘട്ടത്തിലെത്തുമ്പോൾ ഇദ്ദേഹത്തിന് മാനസികവിഭ്രാന്തി ഉണ്ടോ എന്നുപോലും തോന്നിപ്പോകും.
സ്വന്തം പിതാവിനോട്, യാതൊരു ദാക്ഷിണ്യവും ഇല്ലാതെ എടുത്തുചാടി കണക്കു പറയേണ്ടി വന്നതും, കുടുംബത്തിലുള്ളവരെ അടച്ചാക്ഷേപിച്ചതും ഇത്തരം വികലമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനം ആയിരുന്നിരിക്കാം.

കുടുംബാംഗങ്ങളിൽ ഒരാൾക്കു പോലും ഇല്ലാതിരുന്ന, ആർക്കും ഇഷ്ടപ്പെടാത്ത സ്വഭാവം കൃഷ്ണനുണ്ണിക്ക് എങ്ങനെ കിട്ടി എന്നുള്ളത് ചിത്രത്തിലെ ഓരോ രംഗവും കടന്നുപോകുമ്പോൾ പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കും.

കൃഷ്ണനുണ്ണിയുടെ ഭാര്യ ഗീതയുടെ സ്വഭാവം ഇതിൽ നിന്നു് തികച്ചും വിഭിന്നമാണു്. മരുമകളായും, ഗൃഹസ്ഥയായും ഉള്ള അവളുടെ ശരികൾ പ്രേക്ഷകരോട് പലരീതിയിൽ സംവദിക്കുന്നുണ്ടു്.

ഭാര്യ പ്രസവത്തിനായി പോകുമ്പോൾ ചെലവുകൾ അവളുടെ വീട്ടുകാർ വഹിക്കട്ടെ എന്നു് കൃഷ്ണനുണ്ണി പറയുമ്പോൾ, അയാൾക്കിട്ട് ഒന്നു് കിട്ടേണ്ടത് അത്യാവശ്യമായിരുന്നു എന്നു് തോന്നിയതു് എനിക്കു മാത്രമോ?

ശ്രീ ബാലചന്ദ്രമേനോൻ്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലാണ് കൃഷ്ണനുണ്ണി എന്ന കഥാപാത്രം എന്നു് പറയാൻ കാരണം നിസ്തുലമായ അഭിനയമികവു തന്നെ. അത്ര ആഴത്തിൽ മലയാളിയുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാൻ അദ്ദേഹത്തിനു കഴിഞ്ഞു.

അവസാന ഭാഗത്തോട് അടുക്കുമ്പോൾ
വരവുചെലവു കണക്കുകളുടെ അനുപാതരാഹിത്യം കൃഷ്ണനുണ്ണിയെ നന്നായി അസ്വസ്ഥനാക്കുന്നുണ്ടു്.

നിങ്ങളുടെ മകൻ നിങ്ങളോട് കണക്കു ചോദിക്കാൻ തുടങ്ങിയാൽ, സ്നേഹത്തിനേക്കാളും ബന്ധത്തിനേക്കാളും പണമാണ് വലുതെന്നു് കരുതിയാൽ അങ്ങനെ പലതും അനുഭവിക്കേണ്ടിവരുമെന്നു
ഗീതയെ കൊണ്ടു് പറയിക്കുന്നിടത്ത് സിനിമ വിജയിച്ചു.

ലോഭം ഉള്ളവന് ഒരിയ്ക്കലും ലാഭം ഉണ്ടാകില്ല എന്നതു് ജനഹൃദയങ്ങളിൽ കൃത്യമായി സന്നിവേശിപ്പിക്കാൻ ചിത്രത്തിനു കഴിഞ്ഞു എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണു്.

ശങ്കരനായരായി വേഷമിട്ട ശ്രീ തിലകനും ചിത്രത്തിലെ ഓരോ അഭിനേതാവും, അഭിനേത്രിയും കൈയിൽ ഏൽപ്പിച്ച കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ച് നീതിപുലർത്തി.

മഹാനായ ശ്രീ ലോഹിതദാസിന്റെ തൂലികയുടെ മാന്ത്രിക സ്പർശത്താൽ പിറന്ന അതിശക്തമായ തിരക്കഥയും, ശ്രീ സത്യൻ അന്തിക്കാട് എന്ന അതുല്യ സംവിധായകൻ്റെ മികവും, വേറിട്ട പ്രമേയവും ചിത്രത്തെ ജനഹൃദയങ്ങളിൽ കുടിയിരുത്തി.

അന്തമില്ലാതെ കുടുംബപുരാണങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ എന്നും ഓർത്തിരിക്കുന്ന, കാലത്തിനൊപ്പം സഞ്ചരിക്കുന്ന കുടുംബചിത്രം മലയാളിക്കു സമ്മാനിച്ചു എന്നതിൽ അണിയറപ്രവർത്തകർക്ക് എക്കാലവും അഭിമാനിക്കാം.

നിറഞ്ഞ സ്നേഹത്തോടെ
റീന സാറ.