June 16, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആരാണ് സാന്താക്ലോസ് ? എന്താണ് സാന്താക്ലോസിൻ്റെ പ്രത്യേകതകൾ ?

കൾച്ചറൽ ഡെസ്ക്

ക്രിസ്മസ് എന്നു കേൾക്കുമ്പോള്‍ തന്നെ കൂട്ടുകാരുടെ മനസിലെത്തുന്ന രൂപമാണ് സാന്താക്ലോസിന്റേത്. ഇന്ന് കാണുന്ന രൂപങ്ങൾ പല രാജ്യങ്ങളിലും ഏകദേശം ഒരേ പോലെയാണെങ്കിലും ഓരോ രാജ്യത്തിനും അവരുടേതായ കഥകളും കഥാപാത്രങ്ങളുമുണ്ട്. അവയിൽ ചിലത് കാലക്രമത്തിൽ സാന്താക്ലോസ് ആയി പരിണമിക്കുകയാണ് ചെയ്തത്.1843ൽ പുറത്തിറങ്ങിയ ചാൾസ് ഡിക്കൻസിന്റെ ക്രിസ്മസ് കാരൾ എന്ന കഥയിൽ ക്രിസ്മസിന്റെ തലേന്ന് സമ്മാനങ്ങളുമായെത്തുന്ന ഒരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ കഥയും സാന്താക്ലോസിന്റെ പ്രചാരത്തിന് വഴിയൊരുക്കി.

സെന്റ് നിക്കോളാസ്

ഇന്നത്തെ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന Demre എന്ന പ്രദേശത്ത് നാലാം നൂറ്റാണ്ടിൽ ജനിച്ച നിക്കോളാസ് എന്ന ബിഷപ്പാണ് സാന്താക്ലോസ് എന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള കഥ. നിക്കോളാസ് തന്റെ സ്വത്തുക്കളും മറ്റ് വസ്തുക്കളുമെല്ലാം പാവങ്ങൾക്കും ആവശ്യക്കാർക്കും ദാനമായി നൽകുമായിരുന്നു.

ഇന്ത്യയിലെ തിരുശേഷിപ്പ്

ഇന്ത്യയിൽ നിക്കോളാസിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ഏക ദേവാലയം കേരളത്തിലാണ്- എറണാകുളം ജില്ലയിലെ പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി.

മോസ്കോയുടെ മധ്യസ്ഥൻ

കുട്ടികളുടെയും നാവികരുടെയും അസ്ത്രാഭ്യാസികളുടെയും മാത്രമല്ല ആംസ്റ്റർഡാമിന്റെയും മോസ്കോയുടെയും മധ്യസ്ഥ വിശുദ്ധൻ (Patron Saint) കൂടിയാണ് സെന്റ് നിക്കോളാസ്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ അഞ്ചിനായിരുന്നു പല രാജ്യങ്ങളിലും ക്രിസ്മസ് പാപ്പാ പ്രത്യക്ഷപ്പെടുന്ന ആഘോഷങ്ങൾ. എന്നാൽ പിന്നീട് ഇത് ഡിസംബർ 25 ലേക്ക് മാറ്റി.

അമേരിക്കൻ സാന്ത

അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയ ഡച്ചുകാരാണ് സെന്റ് നിക്കോളാസിന്റെ പുതിയ രൂപം അവതരിപ്പിച്ചത്. അവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്ക് അത് വ്യാപിക്കുകയാണുണ്ടായത്. സാന്തയ്ക്ക് അഡ്രസും, പോസ്റ്റ് കോഡും, റെയിൻഡീറുകൾ വലിക്കുന്ന സ്ലെജ് എന്ന വാഹനവുമൊക്കെ ലഭിച്ചതും ഇവിടെ പ്രചരിച്ച കഥകളിലൂടെയാണ്.

ഫാദർ ക്രിസ്മസ്

പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ ക്രിസ്മസ് ആഘോഷത്തിന് പല പ്രതിരൂപങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പതിനേഴാം നൂറ്റാണ്ടിലാണ് ഫാദർ ക്രിസ്മസ് എന്ന കഥാപാത്രത്തിന്റെ ഉത്ഭവം.1652ൽ ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാന കാലത്ത് ജോൺ ടെയ്‌ലറിന്റെ സാഹിത്യത്തിലൂടെ ഫാദർ ക്രിസ്മസ് അവതരിപ്പിക്കപ്പെട്ടു. പിന്നീട് ചാൾസ് ഡിക്കൻസ് കഥാപാത്രമായ ക്രിസ്മസ് ആത്മാവ് സാഹിത്യലോകത്തെ പരിചിത കഥാപാത്രമായി മാറി. ആ കഥാപാത്രം ഫാദർ ക്രിസ്മസിന്റെ രൂപ സാദൃശ്യങ്ങളോട് കൂടെയായിരുന്നു അവതരിപ്പിക്കപ്പെട്ടത്.

കൊക്കക്കോള സാന്ത

ഇന്ന് കാണുന്നതു പോലെ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാന്തയുടെ രൂപം പ്രചരിച്ചത് കൊക്കക്കോളയുടെ പരസ്യങ്ങളിലൂടെയാണ്. സാന്തയെ മോഡലാക്കി അവതരിപ്പിച്ച കൊക്കക്കോള പരസ്യങ്ങൾ ജനശ്രദ്ധ നേടി. കൊക്കക്കോളയ്ക്ക് വേണ്ടി വരയ്ക്കാൻ തുടങ്ങിയ Haddon Sundblom എന്ന കാർട്ടൂണിസ്റ്റിന്റെ 1920കൾ മുതൽ 1960 കൾ വരെയുള്ള ചിത്രങ്ങളിലൂടെ ഇന്നു കാണുന്ന രൂപത്തിൽ സാന്ത സൂപ്പർഹിറ്റായി. എന്നാൽ സാന്തയുടെ ഇൗ രൂപം ആദ്യം വരച്ചത് 1860കളിൽ തോമസ് നാസ്റ്റ് എന്ന അമേരിക്കക്കാരനാണ്. യുഎസിന്റെ പ്രതീകമായ അങ്കിൾ സാം, ഡെമോക്രാറ്റിക് പാർട്ടിയുടെ കഴുത, റിപ്പബ്ലിക്കൻ പാർട്ടിയുടെ ആന എന്നിവയുടെ പ്രചാരത്തിന് കാരണക്കാരനായ തോമസ് നാസ്റ്റിനെ പലരും യുഎസ് കാർട്ടൂണിന്റെ പിതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്.

സാന്താക്ലോസ് എന്ന പ്രദേശം

ഒട്ടേറെ രാജ്യങ്ങളിൽ സാന്താക്ലോസ് എന്ന പേരിൽ പ്രദേശങ്ങളുണ്ട്. എന്നാൽ ഫിൻലൻഡിലുള്ള സാന്താക്ലോസ് ഗ്രാമമാണ് സാന്തയുടെ വാസസ്ഥലമായി കണക്കാക്കുന്ന ഒരു പ്രദേശം. ഉത്തരധ്രുവത്തിൽ എൽവ് എന്ന സഹായികളോടൊത്ത് താമസിക്കുന്ന സാന്ത എൽവുകൾ നിർമിക്കുന്ന കളിപ്പട്ടങ്ങളുമായി ക്രിസ്മസ് തലേന്ന് വീടുകളിലെത്തുന്നു എന്നാണ് കഥ. കുട്ടിച്ചാത്തന്മാരെപ്പോലെയുള്ള കഥാപാത്രങ്ങളാണ് എൽവുകൾ. എൽവുകളുമായി ബന്ധപ്പെട്ടു വന്ന പേരാണ് ആൽഫ്രഡ്.

സാന്തായുടെ അഡ്രസ്

യുഎസ്എ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ സാന്താക്ലോസിന് കത്തയക്കാൻ പോസ്റ്റ് ബോക്സുകൾ തന്നെ തുടങ്ങിയിട്ടുണ്ട്. 123 Elf Road, North Pole, 88888 എന്നതാണ് യുഎസിൽ പ്രചാരത്തിലുള്ള അഡ്രസ്. ലോകമെങ്ങും നിന്ന് ആയിരക്കണക്കിന് പോസ്റ്റ് കാർഡുകളും കത്തുകളും ഫിൻലന്‍ഡിലെ റൊവാനിയെമിയിലെ സാന്താക്ലോസ് വില്ലേജിന്റെ അഡ്രസിലേക്ക് എത്തുമായിരുന്നു. Santa Claus, North Pole, H0H 0H0, Canada എന്ന അഡ്രസിൽ കാനഡയിലെ കുട്ടികളും കത്തുകൾ അയച്ചിരുന്നു.

വരവേൽപ്

വിവിധ രാജ്യങ്ങളിൽ സാന്തയെ വരവേൽക്കാൻ വ്യത്യസ്ത ആചാരങ്ങളുണ്ട്. Yule Goat എന്ന, വൈക്കോൽ കൊണ്ട് നിർമിച്ച ആടിന്റെ രൂപമുണ്ടാക്കി, julegrt എന്ന വെണ്ണ ചേർത്ത കഞ്ഞി സാന്തായ്ക്കായി ഒരുക്കാറുള്ളത് സ്വീഡൻകാരാണ്. Jultomten എന്നാണ് അവർ സാന്തായെ വിളിക്കുന്നത്. ക്രിസ് ക്രിങ്കിൾ എന്ന് അമേരിക്കക്കാരും Sinterklaas എന്ന് ഡച്ചുകാരും വിളിക്കുന്നു. ഐസ്‌ലൻഡിലെ ഒരു ക്രിസ്മസ് സങ്കൽപം ഇങ്ങനെയാണ്: ക്രിസ്മസിന് 13 ദിവസം മുൻപു മുതൽ എല്ലാദിവസവും കുട്ടികൾ പുറത്തു വയ്ക്കുന്ന ഷൂസുകൾക്കുള്ളിൽ സമ്മാനങ്ങളോ, അഴുകിയ ഉരുളക്കിഴങ്ങുകളോ ഒക്കെ വയ്ക്കാൻ 13 കുസൃതി പയ്യന്മാർ വിരുന്നെത്തും. Krampus എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ട് കുട്ടികളോട് അവർ ചെയ്ത നല്ല കാര്യങ്ങളും മോശം കാര്യങ്ങളും വിവരിക്കാനാവശ്യപ്പെടുന്നത് ഓസ്ട്രിയയിലാണ്.

‘സാന്താക്ലോസി’ന്റെ യഥാർഥ ശവകുടീരം

എഡി 343 ൽ അന്തരിച്ച നിക്കോളാസിന്റെ കബറിടം ദക്ഷിണ തുർക്കിയിലെ അന്റാലിയ പ്രവിശ്യയിലെ സെന്റ് നിക്കോളാസ് ബൈസന്റൈൻ പള്ളിയിലാണെന്ന് ഇലക്ട്രോണിക് സർവേയിലൂടെ സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോർട്ട്. പലതവണ പുതുക്കിപ്പണിത, യുനെസ്കോ പൈതൃക പട്ടികയിലുള്ള ബൈസന്റൈൻ പള്ളിയിൽ 2017 ൽ കണ്ടെത്തിയ ശിലയെ ആധാരമാക്കിയായിരുന്നു ഗവേഷണം. അദ്ദേഹം കാലംചെയ്തപ്പോൾ മൈറയിലെ ഓർത്തഡോക്സ് പള്ളിയിൽ കബറടക്കിയെങ്കിലും ഭൗതികാവശിഷ്ടങ്ങൾ 1087 ൽ ഇറ്റലിക്കാർ ബാരിയിലേക്കു കടത്തിയെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ, അത് മറ്റൊരു പുരോഹിതന്റെ ഭൗതികാവശിഷ്ടമാണെന്നും സെന്റ് നിക്കോളാസിന്റെ കബർ ഭദ്രമാണെന്നും ഇപ്പോഴത്തെ ഗവേഷകസംഘം പറയുന്നു.

ക്രിസ്മസ് ട്രീ

പൈൻ, ബീർച് തുടങ്ങിയ മരങ്ങളുപയോഗിച്ചാണ് ക്രിസ്മസ് ട്രീ ഉണ്ടാക്കാറുള്ളത്. ഈ ആചാരത്തിന് തുടക്കം കുറിച്ചത് ജർമനിയിൽ ആണെങ്കിലും പ്രചാരം നേടിക്കൊടുത്തത് വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും ചേർന്നാണ്. ആദ്യത്തെ അലങ്കരിക്കപ്പെട്ട ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ലാത്വിയയുടെ തലസ്ഥാന നഗരമായ റിഗയിലാണെന്ന് ചരിത്രം. 1947 മുതൽ എല്ലാ വർഷവും നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിലെ ജനങ്ങൾ ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്ററിലേക്ക് ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ച ശേഷം സമ്മാനമായി അയയ്ക്കാറുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ അവർ ചെയ്ത സഹായത്തെ അനുസ്മരിക്കാനാണ് ഇത്.

സാന്താക്ലോസിനും ഹോളി, ജെസീക്ക എന്നൊക്കെ വിളിക്കപ്പെടുന്ന മിസിസ് സാന്താക്ലോസിനും പൗരത്വവും പാസ്‌പോർട്ടും നൽകിയ രാജ്യം കാനഡയാണ്‌. എന്നാൽ സാന്തായ്ക്ക് പൈലറ്റ് ലൈസൻസ് നൽകിയ രാജ്യം അമേരിക്കയാണ്. 1823 ൽ Clement C. Moore രചിച്ചുവെന്നു കരുതപ്പെടുന്ന A Visit from St. Nicholas അഥവാ ‘Twas the Night Before Christmas) എന്ന കവിതയിലൂടെയാണ് സാന്തായുടെ സ്ലെജ് എന്ന വാഹനം വലിച്ചു കൊണ്ട് പോകുന്ന എട്ടു കലമാനുകളെക്കുറിച്ചു ആളുകളറിഞ്ഞു തുടങ്ങിയത്.