March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്ന രണ്ട് ഇന്ത്യക്കാർ കുവൈറ്റിൽ പിടിയിൽ

കുവൈറ്റ് സിറ്റി: മരിച്ച സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിലെ വീൽചെയറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ട് ഇന്ത്യൻ സ്വദേശികളെ കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മുബാറക് അൽ കബീർ ആശുപത്രിയിലാണ് സംഭവം. സുഹൃത്തിന്റെ മരണം അധികൃതരെ അറിയിക്കാൻ ഭയന്നതാണ് ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾ ചേർന്ന് ഒരാളെ വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ആശുപത്രി ജീവനക്കാരെ വിശ്വസിപ്പിച്ച ഇവർ, മൃതദേഹം ജീവനക്കാരെ ഏൽപ്പിച്ച ഉടൻ തന്നെ അവിടെനിന്നും കടന്നുകളഞ്ഞു. പരിശോധനയിൽ ഇയാൾ നേരത്തെ തന്നെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരിച്ചയാളും ഇന്ത്യൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികൾ രണ്ടുപേരും കുവൈറ്റിൽ താമസരേഖകളില്ലാതെ (Ilegal Residency) കഴിഞ്ഞുവരികയായിരുന്നു. സുഹൃത്ത് സ്വാഭാവിക മരണത്തിന് കീഴടങ്ങിയെങ്കിലും, വിവരം പോലീസിനെ അറിയിച്ചാൽ തങ്ങളുടെ നിയമവിരുദ്ധ താമസം പുറത്തറിയുമെന്നും ജയിലിലാകുമെന്നും ഇവർ ഭയപ്പെട്ടു. ആശുപത്രിയിൽ സിസിടിവി ക്യാമറകൾ ഇല്ലെന്ന നിഗമനത്തിലാണ് മൃതദേഹം അവിടെ ഉപേക്ഷിക്കാൻ ഇവർ തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

അതേസമയം, മരിച്ച യുവാവിന്റേത് സ്വാഭാവിക മരണമാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ പ്രതികൾക്കെതിരെ താമസരേഖകൾ ഇല്ലാത്തതിനും മരണവിവരം മറച്ചുവെച്ചതിനും നിയമനടപടികൾ ആരംഭിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഭയപ്പെടാതെ നിയമപരമായ മാർഗങ്ങളിലൂടെ അധികൃതരെ വിവരം അറിയിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രവാസികളോട് നിർദ്ദേശിച്ചു.

error: Content is protected !!