October 19, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;

കുവൈറ്റ് സിറ്റി: ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തവണവ്യവസ്ഥയിൽ വാങ്ങിയ ശേഷം ഉടനടി പണമാക്കി നൽകുന്ന (‘തക്കീഷ്’) നിയമവിരുദ്ധ പദ്ധതികൾക്കും തട്ടിപ്പുകൾക്കുമെതിരെ സ്വദേശികൾക്കും പ്രവാസികൾക്കും കർശന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ഇടപാടുകളിൽ പങ്കാളികളാകുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ടെലികോം കമ്പനികളുടെ തവണവ്യവസ്ഥാ കരാറുകളും (Phone Installment Contracts) ഭാവിയിൽ തുക അടച്ചുതീർക്കാവുന്ന സർവീസ് പാക്കേജുകളും ദുരുപയോഗം ചെയ്താണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.

തൽക്ഷണം പണം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇടനിലക്കാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ഉപകരണങ്ങളുടെ യഥാർത്ഥ വിപണി വിലയേക്കാൾ 40 ശതമാനം വരെ കുറഞ്ഞ തുകയ്ക്കാണ് തട്ടിപ്പുകാർ ഉപകരണങ്ങൾ കൈക്കലാക്കുന്നത്. എന്നാൽ, കൈപ്പറ്റുന്ന തുകയേക്കാൾ വളരെ ഉയർന്ന തുക രേഖപ്പെടുത്തിയ കരാറുകളിലും സാമ്പത്തിക രേഖകളിലും ഉപഭോക്താക്കളെക്കൊണ്ട് ഒപ്പുവെപ്പിക്കുകയും ചെയ്യുന്നു. ഇത് ഉപഭോക്താക്കളെ ഗുരുതരമായ നിയമലംഘനങ്ങളിലേക്കും കോടതി നടപടികളിലേക്കും തള്ളിവിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അമിത പലിശ ഈടാക്കൽ, സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നിവയ്ക്ക് ഇരയാകുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) പ്രവർത്തനങ്ങളുടെ ഭാഗമായോ ഉപകരണമായോ മാറരുതെന്നും പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെയും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെയും (CITRA) റഗുലേറ്ററി വിഭാഗങ്ങളുമായി ചേർന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തട്ടിപ്പ് നടത്തുന്ന ഓൺലൈൻ അക്കൗണ്ടുകളും സ്ഥാപനങ്ങളും കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസുകൾ റദ്ദാക്കുമെന്നും കടകൾ ഭരണപരമായി അടച്ചുപൂട്ടുമെന്നും കുറ്റക്കാരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.

error: Content is protected !!