കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ പീറ്റേഴ്സ് ഫെസ്റ്റ്–2026 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെ NECK ചർച്ച് ആൻഡ് പാരിഷ് ഹാളിൽ നടന്നു.
ഘോഷയാത്രയും ഇടവകയിലെ കുട്ടികളും മുതിർന്നവരും സൺഡേ സ്കൂൾ, യുവജനസംഘം, സേവികാസംഘം, ഇടവക മിഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകി.
വികാരി റവ. ബിനു ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പീറ്റേഴ്സ് ഫെസ്റ്റ്–2026 ജനറൽ കൺവീനർ ശ്രീ. ജോർജ് വർഗീസ് ഏവർക്കും സ്വാഗതം ആശംസിച്ചു. കുവൈത്ത് സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിലെ റവ. കാനൻ ഡോ. മൈക്കൽ എംബോണ മുഖ്യാതിഥിയായി പങ്കെടുത്തു.
ദൈവത്തിന് നൽകുന്നതിന്റെ പ്രാധാന്യവും ദൈവത്തിന് അർപ്പിക്കാവുന്ന ഏറ്റവും വിലപ്പെട്ട നിക്ഷേപം നമ്മുടെ ഹൃദയമാണെന്ന സത്യവും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ദൈവവുമായുള്ള ആഴമായ ബന്ധമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഭാഗമെന്നും, ജീവിതത്തിലെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഹൃദയങ്ങളെ പൂർണമായി ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ഈ ഹാർവെസ്റ്റ് ഫെസ്റ്റിവൽ യഥാർഥത്തിൽ ഹൃദയങ്ങളുടെ വിളവെടുപ്പായി മാറണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കുവൈത്തിലെ സഹോദര ഇടവകകളിൽനിന്നും മറ്റു സഭകളിൽനിന്നുമുള്ള വികാരിമാരും NECK, KTMCC പ്രതിനിധികളും ഉൾപ്പെടെ നിരവധി പ്രമുഖർ പൊതുസമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കേരളീയ തനിമയാർന്ന വിഭവങ്ങളടങ്ങിയ Home Made Foods, തത്സമയം തയ്യാറാക്കുന്ന ഭക്ഷണങ്ങൾ, ഉച്ചഭക്ഷണം എന്നിവയുടെ സ്റ്റാളുകൾക്കൊപ്പം ഗെയിം സോൺ, ബിങ്കോ, അമേരിക്കൻ ഓക്ഷൻ തുടങ്ങിയവയും ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളായി.
പ്രശസ്ത ഗായകരായ ലിബിൻ സ്കറിയയും അംബിക രാജേഷും അവതരിപ്പിച്ച ക്രിസ്ത്യൻ സംഗീതസന്ധ്യ പരിപാടിയുടെ മുഖ്യ ആകർഷണമായി.
പീറ്റേഴ്സ് ഫെസ്റ്റ്–2026 പ്രോഗ്രാം കൺവീനർ ശ്രീ. അജി ചാക്കോ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.





More Stories
ഒരുമയുടെ സന്ദേശമോതി ഇടുക്കി അസോസിയേഷന് കുവൈത്ത് ‘ഓണാരവം 2026’ ആഘോഷിച്ചു
OCYM കുവൈറ്റ് സോണൽ KYPL ക്രിക്കറ്റ് ടൂർണമെന്റ്: സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനം ജേതാക്കൾ
ഇൻഫോക് ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.