കുവൈറ്റ് സിറ്റി: ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായും വാർത്താ ഏജൻസികളുമായുമുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് കുവൈറ്റ് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈറ്റ് ന്യൂസ് ഏജൻസി (KUNA). കുന ആക്ടിംഗ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മന്നായി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മാധ്യമ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയത്. കുന ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
രാജ്യങ്ങൾ തമ്മിലുള്ള സൌഹൃദബന്ധം ദൃഢമാക്കുന്നതിനും ജനങ്ങൾക്കിടയിൽ പരസ്പര ധാരണയും ആശയവിനിമയവും വളർത്തുന്നതിനും മാധ്യമങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മുഹമ്മദ് അൽ മന്നായി പറഞ്ഞു. ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുമായി അനുഭവസമ്പത്തും സാങ്കേതിക വൈദഗ്ധ്യവും കൈമാറാൻ കുന പ്രതിജ്ഞാബദ്ധമാണ്. കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ മേഖലകളിലേക്ക് വികസിക്കുന്ന പശ്ചാത്തലത്തിൽ, ഈ വളർച്ച ലോകത്തിനു മുന്നിൽ എത്തിക്കാൻ മാധ്യമ കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താ വിതരണത്തിലും മാധ്യമ ആശയവിനിമയം ശക്തമാക്കുന്നതിലും കുവൈറ്റ് ന്യൂസ് ഏജൻസി നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി പ്രശംസിച്ചു. കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രബന്ധം കൂടുതൽ ഉന്നതിയിലെത്തിക്കാൻ ഇത്തരം മാധ്യമ സഹകരണങ്ങൾ സഹായകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.





More Stories
കേരളീയ പാരമ്പര്യത്തിന്റെ നിറച്ചാർത്തിൽ ‘ആരവം 2026’; കുവൈത്തിൽ എഇസികെയുടെ ഓണാഘോഷം
വാഹനം തിരിക്കുമ്പോഴും പാത മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ ഉപയോഗിച്ചില്ല : 372 പേർക്കെതിരെ നടപടിയുമായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്
MCA “ആരോഗ്യ 2026” മെഡിക്കൽ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു