October 4, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇൻകാസ് കുവൈത്ത് ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു

കുവൈത്ത്: അഹിംസയുടെയും സത്യത്തിന്റെയും പ്രവാചകനായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികം ഇൻകാസ് കുവൈത്ത് അത്യന്തം ആദരവോടെയും സമുചിതമായും ആഘോഷിച്ചു. കുവൈത്തിലെ അബ്ബാസിയയിലുള്ള മെഡെക്സ് മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ആഘോഷപരിപാടികൾ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലുമുറി ഉദ്ഘാടനം ചെയ്തു.


തദവസരത്തിൽ നടന്ന യോഗത്തിൽ ഗാന്ധിജിയുടെ ജീവിതദർശനങ്ങളെയും മഹത്തായ സന്ദേശങ്ങളെയും അനുസ്മരിച്ചുകൊണ്ട് ഇൻകാസിന്റെ നിരവധി മുതിർന്ന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്, മധു മാഹി, ഷിജു ഓതറ, ജെയിംസ് വി കൊട്ടാരം, ബിജു അലക്സാണ്ടർ, സാറമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും, അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ഓരോ സന്ദേശമാണെന്നും നേതാക്കൾ അനുസ്മരിച്ചു.
“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, വർഗീയതയും അക്രമവും രാജ്യത്തെ ഗ്രസിക്കുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഓരോ പ്രവർത്തകനും ഗാന്ധിജിയുടെ ലാളിത്യവും, സത്യസന്ധതയും, അഹിംസയിലുള്ള അടിയുറച്ച വിശ്വാസവും ജീവിതത്തിൽ പകർത്താൻ തയ്യാറാകണം എന്ന് അവർ ആഹ്വാനം ചെയ്തു.
തുടർന്ന്, മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഇൻകാസ് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് കേക്ക് മുറിച്ചു. പ്രവർത്തകർ മധുരം പങ്കിട്ട് ഗാന്ധിജയന്തി ആഘോഷത്തിൽ സന്തോഷത്തോടെ പങ്കുചേർന്നു.
ഇൻകാസ് കുവൈത്ത് ജനറൽ സെക്രട്ടറി ശ്രീ. അനൂപ് സോമൻ സ്വാഗതവും, ട്രഷറർ അലക്സ് മാത്യു പുത്തൂർ കൃതജ്ഞതയും രേഖപ്പെടുത്തി. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് യോഗം സമാപിച്ചത്.
ചടങ്ങുകൾക്ക് അലക്സ് മാനന്തവാടി, റൊമാനസ് പെയ്റ്റൺ, അനിൽ വള്ളികുന്നം, ലിബി ഇടുക്കി, ബെൽജു ബെൻ ഇടുക്കി, ഓസമ വാഹിദ്, സുനിൽ ജിത്ത് മണ്ണാർകാട്, ജിജി നൈനാൻ, ശശി വലിയകുളങ്ങര, ലീൻ ഔസേപ്പ്, സുമിത് റാന്നി,ഷിബു തയ്യിൽ കുമരകം. ജോർജ് തോമസ് കുട്ടനാട്, ബിജു ദാനിയേൽ, രെഞ്ചു, സുനിൽ വയനാട്, ഷീബ പേയ്റ്റൺ, ആൻസി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!