October 3, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സൗഹൃദ-സാഹോദര്യ സന്ദേശമുയര്‍ത്തി ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ ‘ഓണവര്‍ണ്ണം 2026’ ആഘോഷിച്ചു

കുവൈത്ത് സിറ്റി: മാവേലിനാടിന്റെ മഹിതമായ ഓണപ്പെരുമയും പൂവിളികളും കുവൈത്ത് മണ്ണിലും പുനഃസൃഷ്ടിച്ച് ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ (ഐ.എ.എഫ്). ‘ഓണവര്‍ണ്ണം 2026’ എന്ന പേരില്‍ ഫഹാഹീല്‍ അജിയാല്‍ മാളിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ വെച്ച് വൈവിധ്യവും വര്‍ണാഭവുമായ പരിപാടികളോടെ ആഘോഷം കൊണ്ടാടി. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിയ ആഘോഷത്തില്‍ ഐ.എ.എഫിന്റെ കുവൈത്തിലെ വിവിധ ഏരിയകളില്‍ നിന്നുള്ള കുടുംബങ്ങള്‍ പങ്കെടുത്തു.

ഐ.എ.എഫ് സ്റ്റാര്‍ വോയ്‌സ് ഫെയിം ഹെലന്‍ സൂസന്റെ ഓണപ്പാട്ടോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷെറിന്‍ മാത്യു അധ്യക്ഷത വഹിച്ചു. കേരള പ്രസ്സ് ക്ലബ് കുവൈത്ത് ജനറല്‍ സെക്രട്ടറി അനില്‍ പി. അലക്സ് ‘ഓണവര്‍ണ്ണം 2026’ ഉദ്ഘാടനം ചെയ്തു.
വിഭജനങ്ങളും വിദ്വേഷങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്ത്, മനുഷ്യരെ ഒന്നിച്ചുനിര്‍ത്താന്‍ കഴിവുള്ള ഏറ്റവും വലിയ ശക്തി കലയ്ക്കാണ്. തിരക്കുകള്‍ക്കിടയിലും നമ്മുടെ കലാ-സാംസ്‌കാരിക സംഘടനകള്‍ ചെയ്യുന്നത് വെറുമൊരു ആഘോഷം സംഘടിപ്പിക്കല്‍ മാത്രമല്ല; മറിച്ച്, ഐക്യത്തിന്റെയും പങ്കുവെക്കലിന്റെയും സൗഹൃദത്തിന്റെയും സന്ദേശം മാനവസമൂഹത്തിന് കൈമാറുക എന്ന മഹത്തായ പ്രവര്‍ത്തനവുമാണന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അനില്‍ പി. അലക്സ് പറഞ്ഞു.


ഐ.എ.എഫ് ചെയര്‍മാന്‍ പ്രേമന്‍ ഇല്ലത്ത് ഓണസന്ദേശം നല്‍കി. തുടര്‍ന്ന്, ഓണത്തിന്റെ പാരമ്പര്യവും മലയാളി സംസ്‌കാരത്തിന്റെ വൈവിധ്യവും വിളിച്ചോതുന്ന തിരുവാതിരക്കളി, വള്ളംകളി, പാരമ്പര്യ നൃത്തരൂപങ്ങള്‍ തുടങ്ങി നിരവധി കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സജീവമായി പങ്കെടുത്ത ഓണപ്പാട്ടുകള്‍, നൃത്തങ്ങള്‍, സംഗീതപരിപാടികള്‍, വിനോദമത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
ഓണത്തിന്റെ പൈതൃകവും ആവേശവും നിറഞ്ഞുനിന്ന വടംവലി മത്സരം കാണികള്‍ക്ക് ആവേശകരമായ അനുഭവമായി മാറി. വാശിയേറിയ മത്സരത്തില്‍ മംഗഫ് ടീം വിജയികളായി ഐ.എ.എഫ് ഏവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കി. കൂടാതെ കുട്ടികള്‍ക്കായി ഒരുക്കിയ പ്രത്യേക കായിക-വിനോദ മത്സരങ്ങളും ശ്രദ്ധ നേടി.
പരസ്പര സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യമാണ് ഇത്തരം കൂട്ടായ്മകളിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് പ്രസിഡന്റ് ഷെറിന്‍ മാത്യു അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി.


ഇന്ത്യ കണ്ട മികച്ച കലാസംഘാടകനും ക്യൂറേറ്ററുമായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിര്യാണത്തില്‍ ഐ. എ. എഫ് അനുശോചനം രേഖപ്പെടുത്തി.
ഐ.എ.എഫ് കള്‍ച്ചറല്‍ സെക്രട്ടറി നിര്‍മ്മലാ ദേവി, പ്രോഗ്രാം കണ്‍വീനര്‍ പ്രിയ കണ്ണന്‍, സെക്രട്ടറി മുരളി മുരുകാനന്ദന്‍, ഭാരവാഹികളായ ബോണി കുര്യന്‍, ഗ്ലാഡ്സണ്‍, ജോബി, ഹരീന്ദ്രന്‍, ഡോ. ജൂബി, കുര്യാക്കോസ്, ശില്പ ശിവന്‍, ലിജോ എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച സംഘാടനവും, ലെവിന കുര്യന്‍, ദയശ്രീ എന്നിവരുടെ മനോഹരമായ അവതരണവും ആഘോഷപരിപാടികളെ വന്‍ വിജയമാക്കാന്‍ സഹായിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

error: Content is protected !!