കുവൈറ്റ് സിറ്റി: മാഹ്ബൂലയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനധികൃതമായി ചൂതാട്ടകേന്ദ്രം നടത്തിവന്ന ആറ് ഏഷ്യൻ പ്രവാസികളെ സുരക്ഷാ സേന പിടികൂടി. പിടിയിലായ മുഴുവൻ പേരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് (ഡീപോർട്ടേഷൻ ഡിപ്പാർട്ട്മെന്റ്) മാറ്റിയതായും കുവൈറ്റിൽ നിന്ന് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സി.ഐ.ഡി) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. ഏഷ്യൻ വംശജനായ ഒരാൾ വാരാന്ത്യങ്ങളിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തുന്നുണ്ടെന്ന സന്ദേശത്തെ തുടർന്ന് പോലീസ് പ്രദേശം നിരീക്ഷണത്തിലാക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി നടത്തിയ മിന്നൽ പരിശോധനയിൽ ചൂതാട്ട കേന്ദ്രത്തിന്റെ സംഘാടകനും പങ്കാളികളായ മറ്റ് അഞ്ച് പേരും പിടിയിലാവുകയായിരുന്നു.
പരിശോധനാ വേളയിൽ ചൂതാട്ടത്തിനായി ഉപയോഗിച്ച 160 കുവൈറ്റി ദിനാറും പോലീസ് സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു. വാരാന്ത്യങ്ങളിൽ പതിവായി ഫ്ലാറ്റിൽ ഒത്തുകൂടി ചൂതാട്ടം നടത്താറുണ്ടെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർ നിയമനടപടികൾക്കായി ആറുപേരെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.





More Stories
ഒക്ടോബർ 1 മുതൽ കുവൈറ്റിൽ നിന്ന് ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന വാർത്തകൾ വ്യാജം ; കുവൈറ്റ് വ്യോമയാന ഡയറക്ടറേറ്റ്
കുവൈറ്റ് റോഡ് 50 [ റിയാദ് റോഡ് ] ൽ തേർഡ് റിങ് റോഡ് മുതൽ ഫോര്ത് റിങ് റോഡ് വരെ വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം
രാസവസ്തു സംഭരണ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി കുവൈറ്റ് പരിസ്ഥിതി അതോറിറ്റി