കുവൈറ്റ് സിറ്റി: ജാബർ അൽ അഹമ്മദ് മേഖലയിലെ ടെലികോം ടവറുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചതിനും ടവറുകൾക്ക് നാശനഷ്ട വരുത്തിയതിനും നാല് ഇന്ത്യൻ സ്വദേശികളെ കുവൈറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ തീവ്ര തിരച്ചിലിനൊടുവിൽ ആധുനിക സാങ്കേതിക വിദ്യകളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും സഹായത്തോടെ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.
ടെലികോം ടവറുകളുടെ അറ്റകുറ്റപ്പണികൾക്കായി കരാറെടുത്ത കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായ നാലുപേരും. തങ്ങളുടെ തസ്തിക ദുരുപയോഗം ചെയ്ത് ടവറുകളിലെ ആവശ്യത്തിന് ശേഷമുള്ള വലിയ അളവിലുള്ള ഡീസൽ ഇവർ കടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോഷ്ടിച്ച ഡീസലിന്റെ ഒരു ഭാഗം മറ്റ് ടവറുകളിലെ ക്ഷാമം പരിഹരിക്കാൻ ഉപയോഗിക്കുകയും ബാക്കി ഭാഗം പുറത്തുവിറ്റ് അനധികൃതമായി പണം സമ്പാദിക്കുകയുമായിരുന്നു ഇവരുടെ രീതി.
കഴിഞ്ഞ രണ്ട് വർഷമായി വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ മോഷണവും നശീകരണ പ്രവർത്തനങ്ങളും നടത്തിവന്നിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. മറ്റ് ഗവർണറേറ്റുകളിൽ നടന്ന സമാനമായ സംഭവങ്ങളിലും ഇവർക്ക് പങ്കുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തുടർ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. രാജ്യത്തെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും പൊതുമുതലുകളും നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.





More Stories
ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25-ന്
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായിരുന്ന മലയാളി യുവതി നാട്ടിൽ നിര്യാതയായി
ഉപഭോക്താക്കൾക്കും യാത്രക്കാർക്കും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി കുവൈറ്റ് എയർവേയ്സുമായി സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ച് അൽ മുസൈനി എക്സ്ചേഞ്ച്