August 16, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫീനിക്സ് ബാഡ്മിന്റൺ സ്ട്രൈക്കേഴ്‌സും റെഗ് ട്രെയിനിംഗ് സെന്ററും ചേർന്ന് ബി.എൽ.എസ്, ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫീനിക്സ് ബാഡ്മിന്റൺ സ്ട്രൈക്കേഴ്‌സും (Phoenix Badminton Strikers) റെഗ് ട്രെയിനിംഗ് സെന്ററും (REG Training Center Kuwait) സംയുക്തമായി അടിയന്തര ജീവൻരക്ഷാ പരിശീലനവും (BLS) ആരോഗ്യ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. റെഗ് ട്രെയിനിംഗ് സെന്ററിൽ നടന്ന പരിപാടിയിൽ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷകൾ, ജീവൻരക്ഷാ മാർഗ്ഗങ്ങൾ, വിദഗ്ധ സഹായം ലഭിക്കുന്നതുവരെ സാധാരണക്കാർക്ക് ചെയ്യാനും സ്വീകരിക്കാനും സാധിക്കുന്ന അടിയന്തര നടപടികൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി.

കായികതാരങ്ങളുടെ സുരക്ഷയും പരിക്ക് പ്രതിരോധവും മുൻനിർത്തി, വ്യായാമത്തിന് മുൻപും ശേഷവും ചെയ്യേണ്ട ശരിയായ രീതികളെക്കുറിച്ച് ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമി കോച്ച് നവിൽ ബെൻസൺ വിക്ടർ കോച്ചിംഗ് സെഷൻ നയിച്ചു. കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ സംഭവിക്കാവുന്ന പരിക്കുകൾ ഒഴിവാക്കാൻ വാം-അപ്പ്, വാം-ഡൗൺ രീതികൾ കൃത്യമായി പിന്തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി മുരുഗയൻ മുരുദീപ് ആശംസകൾ നേർന്നു. സമുചിതമായ ബോധവൽക്കരണത്തിലൂടെ ജീവൻ രക്ഷിക്കാൻ ഓരോരുത്തരും സജ്ജരാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ടീം മാനേജർ ഷാജി ഗോപാൽ, ക്യാപ്റ്റൻ വിപിൻ കറുത്തേടത്ത്, വൈസ് ക്യാപ്റ്റൻ മുഹമ്മദ് നിബിൻ, പബ്ലിസിറ്റി കൺവീനർമാരായ ഷാഫി ഷാജഹാൻ, അനിത എബ്രഹാം തോമസ്, മെന്റർ സജിൻ സാം, റെഗ് ട്രെയിനിംഗ് സെന്ററിലെ അജ്മൽ സമദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. “പഠിക്കാം, സജ്ജരാകാം, പ്രതികരിക്കാം – സുരക്ഷിതരായിരിക്കാം, ജീവൻ രക്ഷിക്കാം” എന്ന സന്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

You may have missed

error: Content is protected !!