April 23, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിച്ച്, നിശ്ചിത തീയതിക്കുള്ളിൽ തന്നെ വേതനം വിതരണം ചെയ്യണമെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് അതോറിറ്റിയുടെ നീക്കം. 2010-ലെ ആറാം നമ്പർ തൊഴിൽ നിയമം അനുസരിച്ച്, കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള തീയതിയിൽ തന്നെ തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.

രാജ്യത്തെ ശമ്പള സംരക്ഷണ സംവിധാനം (Wage Protection System – WPS) വഴി മാൻപവർ അതോറിറ്റി ശമ്പള വിതരണം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ശമ്പളം നൽകാൻ വൈകുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം, അത്തരം കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

തൊഴിലാളികൾക്ക് അർഹമായ വേതനം തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ ബാങ്കുകളുമായി സഹകരിച്ച് നടപടികൾ വേഗത്തിലാക്കണം. പരാതികളുണ്ടാകുന്ന പക്ഷം തൊഴിലാളികൾക്ക് അതോറിറ്റിയെ സമീപിക്കാവുന്നതാണെന്നും പി.എ.എം വൃത്തങ്ങൾ അറിയിച്ചു. തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നത് വഴി കമ്പനികൾക്ക് നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

error: Content is protected !!