കുവൈറ്റ് സിറ്റി : അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് നേരിട്ടെത്തി വിലയിരുത്തി. ഞായറാഴ്ച രാവിലെയായിരുന്നു പ്രധാനമന്ത്രിയുടെ ഉന്നതതല സന്ദർശനം.
പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ്, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
വിമാനത്താവളം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ അദ്ദേഹം യോഗത്തിൽ അവലോകനം ചെയ്തു.
സന്ദർശന വേളയിൽ ഡിപ്പാർച്ചർ-അറൈവൽ ഹാളുകൾ, കസ്റ്റംസ് പരിശോധനാ കേന്ദ്രങ്ങൾ, ലഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങൾ (Baggage handling), സാങ്കേതിക വിഭാഗങ്ങൾ എന്നിവടങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തി പരിശോധന നടത്തി. റൺവേകളുടെ സജ്ജീകരണങ്ങളും ഗ്രൗണ്ട് സർവീസ് പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി.
രാജ്യത്തെ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകൾ തമ്മിൽ പൂർണ്ണമായ ഏകോപനം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അംഗീകൃത പ്ലാനുകൾ അനുസരിച്ച് കൃത്യസമയത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. അസാധാരണ സാഹചര്യങ്ങൾക്ക് ശേഷം വിമാനത്താവളം സജ്ജമാക്കാൻ അശ്രാന്തപരിശ്രമം നടത്തിയ ഉദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ധരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി