March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ആവേശമായി എസ്.എം.സി.എ കുടുംബസംഗമം; കലയും സംസ്‌കാരവും അണിനിരന്ന ‘ഗ്ലോ ഗാല 2026’ ശ്രദ്ധേയമായി

കുവൈറ്റ് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA KUWAIT) മുപ്പതാം വാർഷിക കുടുംബ സംഗമങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ പരിപാടി ‘ഗ്ലോ ഗാല 2026’ (GLOW GALA 2026) അരങ്ങേറി. ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ആരംഭിച്ച സംഗമത്തിൽ കുവൈറ്റിലെ സിറോ മലബാർ വിശ്വാസികളുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു.

കൾച്ചറൽ കൺവീനർ രാജേഷ് ജോർജിന്റെ നേതൃത്വത്തിൽ നടന്ന റംശാ പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ബാലദീപ്തി അംഗങ്ങൾ സഭാ ഗാനവും സംഘടനാ ഗാനവും ആലപിച്ചു. ഇന്ത്യൻ അംബാസഡർ പൊതുസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എസ്.എം.സി.എ പ്രസിഡന്റ് ആന്റണി മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവാഹത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ മൊമെന്റോ നൽകി ആദരിച്ചു.

എസ്.എം.സി.എ കലോത്സവത്തിൽ എ, സി, ഡി, ഇ എന്നീ നാല് കാറ്റഗറികളിലും ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടിയ അബ്ബാസിയ ഏരിയയും, ബി കാറ്റഗറിയിൽ ചാമ്പ്യൻമാരായ സാൽമിയ ഏരിയയും ട്രോഫികൾ ഏറ്റുവാങ്ങി. കൂടാതെ വിവിധ വിഭാഗങ്ങളിലെ കലാതിലകം, കലാപ്രതിഭ, നാടക മത്സരത്തിലെ മികച്ച നടൻ, നടി എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകി.

ക്രിസ്മസ് ട്രീ, ക്രിബ് മത്സരങ്ങൾ, ഹസാദാ 2026, ബൈബിൾ മനഃപാഠ മത്സരം, ബാലദീപ്തി ആങ്കർ ഹണ്ട്, വിമൻസ് വിങ് റീൽസ് മത്സരം, മലയാളം മിഷൻ സുഗതഞ്ജലി കാവ്യാലാപന മത്സരം എന്നിവയിലെ വിജയികളും ചടങ്ങിൽ ആദരിക്കപ്പെട്ടു.

സംഘടനയുടെ 2026-ലെ ഡയറക്ടറിയും ജൂബിലി വർഷത്തെ ‘മെഗാ ചാരിറ്റി പ്രോജക്റ്റും’ സമ്മേളനത്തിൽ ലോഞ്ച് ചെയ്തു. സെന്റ് ഡാനിയേൽ കോംബോനി ഇടവക വികാരി ബഹു. സോജൻ അച്ചൻ, ജിഞ്ചു ചാക്കോ (യൂത്ത് വിഭാഗം), റിൻസി തോമസ് (വിമൻസ് വിങ്), മാസ്റ്റർ ഡോൺ ജോസഫ് (ബാലദീപ്തി), ജോബി മറ്റം (കത്തോലിക്ക കോൺഗ്രസ്), വരുൺ കുര്യൻ (കെ.കെ.സി.എ) എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ സോണി മാത്യു നന്ദി രേഖപ്പെടുത്തി.

സജി സെബാസ്റ്റ്യൻ, ജിമ്മി ആന്റണി, മാത്യു ഫിലിപ്പ്, പ്രശസ്ത യൂട്യൂബർ അജിത് വില്യം എന്നിവരെ സംഘടനയ്ക്ക് നൽകിയ സേവനങ്ങളെ മുൻനിർത്തി ആദരിച്ചു. പൊതുസമ്മേളനത്തിന് ശേഷം ലോകപ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ബാൻഡും അവതരിപ്പിച്ച സംഗീത വിരുന്ന് കാണികൾക്ക് വേറിട്ട അനുഭവമായി.

പുതിയ തലമുറയ്ക്ക് കേരളീയ സംസ്കാരവും പാരമ്പര്യവും പകർന്നു നൽകുന്നതിനും പ്രവാസി സമൂഹത്തിന്റെ ഐക്യം വർദ്ധിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് ജനറൽ സെക്രട്ടറി ഡോക്ടർ ബോബിൻ ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

error: Content is protected !!