കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പാസ്‌പോർട്ട് അപേക്ഷിക്കേണ്ടത് ഇനി മുതൽ ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (ജി.പി.എസ്.പി. 2.0) എന്ന പുതിയ ഓൺലൈൻ പോർട്ടൽ വഴി മാത്രമായിരിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാന നിർദ്ദേശങ്ങൾ:
- 2025 ഒക്‌ടോബർ 17 മുതൽ, പഴയ പോർട്ടൽ വഴിയുള്ള അപേക്ഷകൾ കുവൈറ്റിലെ ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളിൽ (ICAC – ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ) സ്വീകരിക്കുന്നതല്ല.
- അപേക്ഷകർ പുതിയ ഔദ്യോഗിക പോർട്ടലായ https://mportal.passportindia.gov.in/mission/ വഴി മാത്രമേ പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കാവൂ.
- പാസ്‌പോർട്ട് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം. ICAO മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പോർട്ടലിൽ ലഭ്യമാണ്. https://mportal.passportindia.gov.in/pdf/Guidelines for ICAO Compliant Photographs for Passport Applications.pdf
പഴയ പോർട്ടലിൽ ഇതിനോടകം അപേക്ഷ സമർപ്പിച്ചവർ GPSP 2.0 പോർട്ടലിൽ വീണ്ടും അപേക്ഷ പൂരിപ്പിക്കേണ്ടതാണ്. ശേഷം, ആവശ്യമായ രേഖകളും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത് കുവൈറ്റിലെ നാല് ICAC കേന്ദ്രങ്ങളിൽ (കുവൈറ്റ് സിറ്റി, ഫഹാഹീൽ, ജലീബ് അൽ-ഷുയൂഖ്, ജഹ്‌റ) ഏതെങ്കിലും ഒന്നിൽ ഹാജരാവണം.
കുവൈറ്റിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും പുതിയ പോർട്ടൽ വഴി മാത്രം അപേക്ഷകൾ സമർപ്പിക്കുകയും ചെയ്യണമെന്ന് എംബസി അധികൃതർ അഭ്യർഥിച്ചു. പുതിയ നടപടി അന്താരാഷ്ട്ര നിലവാരങ്ങൾ ഉറപ്പുവരുത്തുന്നതിന് സഹായകമാകും.






More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി