മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ ഷാഫി (57) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് കറുകപ്പള്ളി ജുമാമസ്ജിദില്‍ നടക്കും. ഭാര്യ ഷാമില. മക്കള്‍: അലീന, സല്‍മ. സംവിധായകനും നടനുമായ റാഫി സഹോദരനാണ്. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് അമ്മാവനാണ്.
രാജസേനന്‍ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാരന്‍’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ആണ് ഷാഫി സിനിമാ ജീവിതം തുടങ്ങിയത്. 2001ല്‍ ജയറാം നായകനായ ‘വണ്‍മാന്‍ ഷോ’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമന്‍ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായി. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടുന്നു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022ല്‍ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആയിരുന്നു അവസാന ചിത്രം.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.