March 17, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിലെ പ്രവാസികൾക്ക് സൗദി വഴി യാത്രാ സൗകര്യം ഒരുക്കണം; കേന്ദ്രമന്ത്രി എസ്. ജയശങ്കറിന് നിവേദനം നൽകി ഭാരതീയ പ്രവാസി പരിഷത്ത്

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കുവൈറ്റിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് സൗദി അറേബ്യ വഴി നാട്ടിലേക്ക് മടങ്ങുന്നതിന് പ്രത്യേക ട്രാൻസിറ്റ് സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് നിവേദനം നൽകി.

കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന യാത്രാ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയാണ് സംഘടന അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.

പ്രധാന ആവശ്യങ്ങൾ:
സൗദി വഴി ട്രാൻസിറ്റ് സൗകര്യം: നിലവിൽ കുവൈറ്റിൽ നിന്ന് കരമാർഗ്ഗം സൗദിയിലെത്തി റിയാദ്, ജെദ്ദ വിമാനത്താവളങ്ങൾ വഴി നാട്ടിലേക്ക് പോകാനുള്ള സൗകര്യം പ്രവാസികൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സ്വകാര്യ ഓപ്പറേറ്റർമാർ ഈടാക്കുന്ന ഉയർന്ന യാത്രാക്കൂലി സാധാരണക്കാർക്ക് വലിയ സാമ്പത്തിക ഭാരമാകുന്നു. ഇത് ലഘൂകരിക്കാൻ സർക്കാർ ഇടപെടണം.

വിസ നടപടികൾ ലഘൂകരിക്കണം: സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിലെ കാലതാമസം അടിയന്തരമായി നാട്ടിലെത്തേണ്ട രോഗികൾക്കും വിസ കാലാവധി കഴിഞ്ഞവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. നയതന്ത്ര തലത്തിൽ ഇടപെട്ട് വിസ നടപടികൾ വേഗത്തിലാക്കണം.

വിമാനക്കമ്പനികളുടെ ഏകോപനം: ജസീറ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ കൈസുമ – ഹഫർ അൽ ബാത്തിൻ വിമാനത്താവളം വഴി നിലവിൽ നൽകുന്ന പ്രത്യേക ട്രാൻസിറ്റ് സൗകര്യങ്ങൾ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.

കുവൈറ്റിലെ ഇന്ത്യൻ എംബസി നിലവിൽ നൽകിവരുന്ന സേവനങ്ങളെ പ്രവാസി പരിഷത്ത് അഭിനന്ദിച്ചു. എങ്കിലും, നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് സൗദി ഗവൺമെന്റുമായി ചർച്ച നടത്തി പ്രത്യേക ‘ട്രാവൽ കോറിഡോർ’ അല്ലെങ്കിൽ ലളിതമായ ട്രാൻസിറ്റ് വിസ സംവിധാനം ഏർപ്പെടുത്തുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് നിവേദനത്തിൽ പറയുന്നു.

വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന മോദി സർക്കാരിന്റെ ഇടപെടലിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റ് ഭാരവാഹികളായ പ്രസിഡന്‍റ് സുധീര്‍ വി മേനോന്‍, ജനറല്‍ സെക്രട്ടറി ഹരി ബാലരാമപുരം, ട്രഷറര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.

error: Content is protected !!