കുവൈറ്റ് സിറ്റി: യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളോ ദൃശ്യങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ സ്വദേശികൾക്കും വിദേശികൾക്കും കർശന മുന്നറിയിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് കുവൈറ്റ് നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്ന് സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ മറ്റ് ഡിജിറ്റൽ മാധ്യമങ്ങളിലോ യുദ്ധസംബന്ധമായ വിവരങ്ങൾ പങ്കുവെക്കുന്നതും വർഗീയതയോ വിദ്വേഷമോ പടർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കും. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾ ഇത്തരം വിഷയങ്ങളിൽ പൂർണ്ണമായ നിഷ്പക്ഷത പാലിക്കണമെന്നും പ്രകോപനപരമായ ഓൺലൈൻ ചർച്ചകളിൽ നിന്നോ സന്ദേശങ്ങളിൽ നിന്നോ വിട്ടുനിൽക്കണമെന്നും മന്ത്രാലയം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും രാജ്യത്തെ ഐക്യവും സാമൂഹിക ഭദ്രതയും നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നടപടി. സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സൈബർ ക്രൈം വിഭാഗം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.








More Stories
ഗൾഫ് മേഖലയിലെ മാർച്ച് 9, 10, 11 തീയതികളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരം ; അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആര്‍മി ജനറല്‍ കമാന്‍ഡ്
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു