സുവനീർ, ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു
അഹ്മദി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ (TRASSK) ഇരുപതാം വാർഷികാഘോഷമായ ‘മഹോത്സവം 2026’, ഇന്നലെ (നവംബർ 20 വെള്ളിയാഴ്ച) അഹ്മദി FAIPS സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകീട്ട് 3 മണി മുതൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ‘മഹോത്സവം – സൗഹൃദത്തിന്റെയും സേവനത്തിന്റെയും ഇരുപത് വർഷങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന ആഘോഷത്തിൽ മുഖ്യാതിഥികളായി മെയിൻ സ്പോൺസറായ ട്രാൻസ്ക്രീറ്റ് ലോജിസ്റ്റിക്സ് കമ്പനി പ്രതിനിധികൾ, ആനുവൽ സ്പോൺസറായ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ, മറ്റ് സഹ സ്പോൺസർമാർ എന്നിവർ പങ്കെടുത്തു.
കലയും സംഗീതവും സമന്വയിച്ച ആഘോഷം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിയുടെ മനോഹരമായ ദൃശ്യഭംഗിയും പാരമ്പര്യകലകളുടെ ആത്മീയ സൗന്ദര്യവും കോർത്തിണക്കി DK ഡാൻസ് അവതരിപ്പിച്ച മനോഹരമായ സ്വാഗതനൃത്തം (Welcome Dance), വർണ്ണാഭമായ ഘോഷയാത്ര എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായി. കുവൈറ്റിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ കേളി വാദ്യകലാപീഠത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളവും ഒരുക്കിയിരുന്നു.
സാംസ്കാരിക സമ്മേളനത്തിൽ 2025–26 അധ്യയന വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ 13 കുട്ടികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി ആദരിച്ചു. കേരളത്തിലും കുവൈറ്റിലുമായി പഠിക്കുന്ന കുട്ടികളാണ് ഈ അംഗീകാരത്തിന് അർഹരായത്. അസോസിയേഷന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക സുവനീർ, അടുത്ത വർഷം മുതൽ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിനുമുള്ള ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. സാംസ്കാരിക സമ്മേളനത്തിനുശേഷം പ്രശസ്ത പിന്നണിഗായകരായ അരവിന്ദ് ദിലീപ്, കീർത്തന എസ്.കെ., ശ്രേയ അശോക്, സുധീഷ് ശശികുമാർ, ഷഹിൻ ഷാ എന്നിവരും അമൃത സൂപ്പർസ്റ്റാർ ഓർക്കസ്ട്രയും ഒരുമിച്ച നോൺസ്റ്റോപ്പ് എന്റർടൈൻമെന്റ് മ്യൂസിക്കൽ ഷോ അരങ്ങേറി.
ട്രാസ്ക് – ഇരുപത് വർഷത്തെ സാമൂഹിക സേവനപാത 2006 നവംബർ 17-ന് തുടക്കം കുറിച്ച തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഇന്ന് ഇരുപതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഏകദേശം 3,000 സജീവ അംഗങ്ങളും കുടുംബാംഗങ്ങൾ ഉൾപ്പെടെ 7,500-ഓളം അംഗങ്ങളുമുള്ള വലിയൊരു കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് നിരവധി പദ്ധതികളാണ് സംഘടന നടപ്പിലാക്കിവരുന്നത്:
- ട്രാസ്ക് ഭവൻ പദ്ധതി: നിർധനരായ അംഗങ്ങളെ കണ്ടെത്തി തൃശ്ശൂർ ജില്ലയിൽ അവർക്ക് വീടുകൾ നിർമ്മിച്ചുനൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ഇതുവരെ 10 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് അർഹരായ അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഈ വർഷം ഒൻപതാമത്തെയും പത്താമത്തെയും വീടുകളുടെ താക്കോൽദാനവും നടത്തി.
- ആംബുലൻസ് സേവനം: അസോസിയേഷന്റെ രണ്ടാമത്തെ ആംബുലൻസ് ഒല്ലൂർ–തൃശ്ശൂർ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി കൈമാറി.
- രക്തദാന ക്യാമ്പ്: ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്ററുമായി (BDK Kuwait) സംയുക്തമായി അദാൻ ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേർ രക്തദാനം നടത്തി.
- ചികിത്സാ സഹായവും വിവാഹ സഹായവും: അംഗങ്ങൾക്ക് പുറമെ പൊതുസമൂഹത്തിൽ നിന്നുള്ള അർഹരായ വ്യക്തികൾക്കും ചികിത്സാ സഹായം, നിർധനരുടെ വിവാഹങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ നൽകിക്കൊണ്ട് അസോസിയേഷൻ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുന്നു.
- കുടുംബാശ്വാസപദ്ധതി (FRS): അംഗങ്ങൾ ആകസ്മികമായി മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ കുടുംബങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം ഈ വർഷം മുതൽ നാല് ലക്ഷം രൂപയായി ഉയർത്തി. ഈ പ്രവർത്തനവർഷം മരണപ്പെട്ട 3 അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഈ സഹായം കൈമാറി.
വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ
- വിദ്യാധനം പദ്ധതി: പഠനത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസം നൽകുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാധനം. ഇതുവരെ ഏകദേശം 13 കുട്ടികൾക്ക് പഠനസഹായമായി 30 ലക്ഷം രൂപ വിനിയോഗിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ഇതുവരെ 11 കുട്ടികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്; രണ്ട് കുട്ടികളുടെ പഠനം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷവും പദ്ധതിയിലേക്ക് ലഭിച്ച ഒൻപത് അപേക്ഷകളിന്മേൽ എഡ്യൂക്കേഷൻ കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനകൾ നടന്നുവരുന്നു.
- വിദ്യാജ്യോതി പദ്ധതി: ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞുപോയ അംഗങ്ങളുടെ മക്കളുടെ തുടർപഠനത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാജ്യോതി. നിലവിൽ ഈ പദ്ധതിപ്രകാരം ഏഴ് കുട്ടികൾക്ക് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസത്തിനായി സഹായം നൽകിവരുന്നു. തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ പദ്ധതി പതിമൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വർഷവും ലഭിച്ച അപേക്ഷകളിന്മേൽ എഡ്യൂക്കേഷൻ കമ്മിറ്റിയുടെ പരിശോധനകൾ നടന്നുവരുന്നു.
- വെളിച്ചം പദ്ധതി: ‘അംഗങ്ങളിൽനിന്ന് അംഗങ്ങളിലേക്ക് ഒരു കൈത്താങ്ങ്’ എന്ന ആശയത്തോടെ ആരംഭിച്ച പദ്ധതിയാണ് വെളിച്ചം. അംഗങ്ങളിൽനിന്നുതന്നെ സ്പോൺസർഷിപ്പുകൾ കണ്ടെത്തി സമാഹരിക്കുന്ന തുക അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. ഈ വർഷവും കേന്ദ്രസമിതി അംഗങ്ങളുടെ സഹകരണത്തോടെ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു.
വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ അംഗങ്ങളുടെ ആരോഗ്യവും കായിക താൽപര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ‘Stay Safe, Stay Healthy’ എന്ന സന്ദേശത്തോടെ ട്രാസ്ക് ഫിറ്റ്നസ് ചലഞ്ചും, ഫുട്ബോൾ വേൾഡ് കപ്പ് പ്രവചനമത്സരം 2026-ഉം സംഘടിപ്പിച്ചു. ‘എന്റെ ഗ്രാമം’ എന്ന വിഷയത്തെ ആസ്പദമാക്കി അംഗങ്ങൾക്കായി ഉപന്യാസ മത്സരവും, കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓൺലൈനായി കവിതാരചന, കഥാരചന, ‘Sing with Karaoke’ എന്നീ ഇനങ്ങളിൽ മത്സരങ്ങളും നടത്തി.
വനിതകളുടെയും കുട്ടികളുടെയും സർഗാത്മകവും വ്യക്തിത്വപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി നിരവധി പരിപാടികളാണ് വനിതാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. മാതൃദിനത്തോടനുബന്ധിച്ച് അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി വനിതാവേദിയുടെ നേതൃത്വത്തിൽ ഇ-മാഗസിൻ പുറത്തിറക്കി. കുട്ടികൾക്കും വനിതകൾക്കുമായി ചിത്രരചന, കളറിങ്, പാരഗ്രാഫ് രചന, ‘Dance with Mom’, പ്രസംഗം, ‘Acting Like Mom’ എന്നീ ഇനങ്ങളിൽ മത്സരങ്ങളും, എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി ‘Career Guidance & Motivational Counselling Session’-ഉം സംഘടിപ്പിച്ചു. RDA ഡാൻസ് സ്കൂളിന്റെ സഹകരണത്തോടെ വനിതകൾക്കായി സൂംബ (Zumba) പരിശീലന ക്ലാസുകളും വനിതാവേദി അംഗങ്ങളുടെ സ്നേഹസംഗമവും നടത്തി. കൂടാതെ, ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ പരിപാടിയും സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അബ്ബാസിയ ആസ്പയർ സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയും അംഗങ്ങൾക്കായി ദേശഭക്തിഗാനം, പ്രച്ഛന്നവേഷം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.





More Stories
ബഹ്റൈന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ മനാമയിലെ സിവിലിയൻ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം ; ആർക്കും പരിക്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
കുവൈത്ത് കെ.എം.സി.സി. ‘മങ്കട ഹാർമണി 2026’ സംഘടിപ്പിച്ചു
ഇൻഫോക് – എൻ.ബി.ടി.സി – സിറ്റി ക്ലിനിക് സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു