കുവൈറ്റ് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) 21-ാം വാർഷികാഘോഷമായ ‘അഹ്മദ് അൽ മഗ്രിബി കണ്ണൂർ മഹോത്സവം 2026’ഉം 19-ാമത് ‘ഗോൾഡൻ ഫോക്ക് അവാർഡ്’ വിതരണവും നവംബർ 13 വെള്ളിയാഴ്ച അഹമ്മദി ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 3 മണി മുതൽ പരിപാടികൾ ആരംഭിക്കും.
വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച കണ്ണൂർ ജില്ലക്കാരായ വ്യക്തികളെ ആദരിക്കുന്നതിനായി നൽകിവരുന്ന 19-ാമത് ഗോൾഡൻ ഫോക്ക് അവാർഡിന് ഇത്തവണ പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടി. പി. പദ്മനാഭൻ മാസ്റ്റർ അർഹനായി. പ്രശസ്ത ശില്പി കെ. കെ. ആർ. വെങ്ങര രൂപകൽപ്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ഫോക്ലോർ അക്കാദമി സെക്രട്ടറി എ. വി. അജയകുമാർ, മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
വാർഷികാഘോഷ ചടങ്ങിൽ മെറിറ്റോറിയസ് അവാർഡ് വിതരണവും സാംസ്കാരിക സമ്മേളനവും നടക്കും. തുടർന്ന് ഫോക്ക് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രശസ്ത ഗായകരായ നജിം അർഷാദ്, നന്ദ ജയദേവൻ, വിഷ്ണു വർദ്ധൻ, രേഷ്മ രാഘവേന്ദ്ര എന്നിവർ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും. 21-ാം വാർഷികത്തോടനുബന്ധിച്ച് പ്ലസ്ടു/തത്തുല്യ കോഴ്സ് പൂർത്തിയാക്കി ഉന്നതപഠനത്തിന് സാമ്പത്തിക സഹായം ആവശ്യമായ വിദ്യാർത്ഥികൾക്കായി “Empowering Dreams through Education – FOKE Higher Education Scholarship” പദ്ധതിയും ഫോക്ക് നടപ്പിലാക്കും.
അബ്ബാസിയ റോയൽ ബേക്ക്സ് റെസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫോക്ക് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി ശ്രീഷിൻ എം. വി., പ്രോഗ്രാം ജനറൽ കൺവീനർ സുമേഷ് കുഞ്ഞിരാമൻ, ട്രഷറർ സൂരജ് കെ. വി., വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ്, അവാർഡ് കമ്മിറ്റി കൺവീനർ പ്രസാദ് സി. വി. എന്നിവർ പങ്കെടുത്തു.





More Stories
കുവൈറ്റിൽ സിവിൽ ഐഡി ഹോം ഡെലിവറി നാല് വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിക്കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)
കെ.ഡി.എൻ.എ വുമൺസ് ഫോറം കേരളപ്പിറവി ആഘോഷം റിഗ്ഗെ പാർക്കിൽ സംഘടിപ്പിച്ചു
പത്തനംതിട്ട മലനാട് മഹോത്സവം 2K26 സീസൺ 2: ഫ്ലയർ പ്രകാശനം അബ്ബാസിയയിൽ നടന്നു