November 9, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ സിവിൽ ഐഡി ഹോം ഡെലിവറി നാല് വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിക്കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)

കുവൈറ്റ് സിറ്റി: നാല് വർഷത്തെ താൽക്കാലിക ഇടവേളക്ക് ശേഷം, പൂർത്തിയായ സിവിൽ ഐഡി കാർഡുകൾ അപേക്ഷകരുടെ വിലാസത്തിൽ നേരിട്ടെത്തിക്കുന്ന ‘ഹോം ഡെലിവറി’ സേവനം പുനരാരംഭിക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഒരുങ്ങുന്നു. ഇതോടെ സ്വദേശികൾക്കും പ്രവാസികൾക്കും അതോറിറ്റിയുടെ ആസ്ഥാന കാര്യാലയങ്ങളിൽ നേരിട്ടെത്താതെ തന്നെ സിവിൽ ഐഡി കാർഡുകൾ കൈപ്പറ്റാനാകും.

ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയും പാസി ഭരണസമിതി ചെയർമാനുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരമാണ് സേവനം പുനരാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നത്. വിതരണ ചുമതലയുണ്ടായിരുന്ന സ്പെഷ്യലൈസ്ഡ് കമ്പനിയുമായുള്ള കരാർ പുതുക്കാതിരുന്നതിനെ തുടർന്ന് ഏകദേശം നാല് വർഷം മുൻപാണ് ഈ സേവനം നിർത്തിവെച്ചിരുന്നത്.

കാർഡ് വിതരണം വേഗത്തിലാക്കുക, ഓഫീസുകളിലെ തിരക്ക് കുറയ്ക്കുക, രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന കാഴ്ചപ്പാടിന് അനുസൃതമായി ഇലക്ട്രോണിക് സംവിധാനങ്ങളുടെ ഉപയോഗം വിപുലീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ഹോം ഡെലിവറി സേവനം നൽകാൻ താൽപ്പര്യമുള്ള യോഗ്യരായ സ്പെഷ്യലൈസ്ഡ് കമ്പനികളിൽ നിന്ന് പ്രീ-ക്വാളിഫിക്കേഷൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് പാസി ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചു.

തുറന്ന പ്രീ-ക്വാളിഫിക്കേഷൻ സംവിധാനത്തിലൂടെയായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. കുവൈത്തിൽ വാണിജ്യ രജിസ്ട്രേഷനും സാധുവായ ലൈസൻസുമുള്ള, മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് അവസരം. പദ്ധതി ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതോടെ പൊതുജനങ്ങൾക്ക് വേഗത്തിലും സൗകര്യപ്രദമായും കാർഡുകൾ ലഭ്യമാകും.

error: Content is protected !!