കുവൈറ്റ് സിറ്റി: ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയ 8,849 കമ്പനികളുടെ ഫയലുകൾ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM – പാം) ഫ്ലാഗ് ചെയ്തു. അതോറിറ്റിയുടെ വേതന നിരീക്ഷണ സംവിധാനത്തിൽ (Wage-payment monitoring system) രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുടമകളുടെ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
മാൻപവർ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം വേതന നിരീക്ഷണ സംവിധാനത്തിൽ ആകെ 100,252 ഫയലുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 51,844 ഫയലുകൾ അഞ്ചിൽ താഴെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളുടേതാണ്. അഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ആകെ 48,408 ഫയലുകൾ പരിശോധിച്ചതിൽ നിന്നാണ് 8,849 കമ്പനികളിൽ ശമ്പള വിതരണവുമായി ബന്ധപ്പെട്ട വീഴ്ചകൾ കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട 39,559 കമ്പനികൾ നിയമങ്ങൾ പൂർണ്ണമായും പാലിച്ച് കൃത്യമായി ശമ്പളം നൽകുന്നവയാണെന്നും അതോറിറ്റി വ്യക്തമാക്കുന്നു.
ഇതോടൊപ്പം, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക വെട്ടിക്കുറയ്ക്കുന്നതിന് തൊഴിലുടമകൾക്ക് നിയമപരമായ അനുമതിയുള്ള 13 പ്രധാന കാരണങ്ങളും അതോറിറ്റി പ്രഖ്യാപിച്ചു. രാജ്യത്തിനകത്തോ വിദേശത്തോ വെച്ചെടുക്കുന്ന ശമ്പളമില്ലാത്ത അവധികൾ (Unpaid Leave), ശിശുപരിപാലന അവധി (Childcare Leave), രോഗാവധി (Sick Leave), ഭാഗികമായി ശമ്പളമുള്ള അവധി (Partially Paid Leave), ജോലിയിൽ നിന്നുള്ള സസ്പെൻഷൻ, അനുവാദമില്ലാതെ ജോലിസ്ഥലത്തുനിന്ന് വിട്ടുനിൽക്കൽ, ജോലി ചെയ്യാൻ വിസമ്മതിക്കൽ, മുൻകൂട്ടി അറിയിക്കാതെയുള്ള ഹാജരില്ലായ്മ (Absenteeism) എന്നിവയ്ക്ക് പുറമേ ജീവനക്കാരുടെ തൊഴിൽപരമായ പദവിയുമായി ബന്ധപ്പെട്ട മറ്റ് കാരണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടുത്തം വരുത്തണമെങ്കിൽ അതിന്റെ നിയമസാധുതയും ന്യായീകരണവും തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ തൊഴിലുടമകൾ അതോറിറ്റിക്ക് മുന്നിൽ നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. കൂടാതെ, എത്ര തക്കതായ കാരണങ്ങളും രേഖകളും ഉണ്ടായാലും ഒരു മാസത്തിൽ ജീവനക്കാരന്റെ ശമ്പളത്തിന്റെ പരമാവധി 25 ശതമാനത്തിൽ (25%) കൂടുതൽ തുക വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കർശന നിർദ്ദേശം നൽകി.





More Stories
ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികം: ‘ഏക് പേഡ് മാ കേ നാം’ വൃക്ഷത്തൈ നടീൽ യജ്ഞവുമായി ഇന്ത്യൻ എംബസി
ഇന്ത്യക്കാരനായ സഹപ്രവർത്തകന്റെ മൃതദേഹം മാലിന്യ കുപ്പയിൽ തള്ളിയ ഇന്ത്യൻ പ്രവാസിയെ കസ്റ്റഡിയിലെടുത്ത് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം