കുവൈറ്റ് സിറ്റി: കുവൈറ്റിൽ നായ്ക്കളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും കർശന ചട്ടങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തിറപ്പിച്ചു. ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 30 കുവൈറ്റി ദിനാറിലധികം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, മൃഗക്ഷേമം സംരക്ഷിക്കുന്നതിനും, ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിർത്തുന്നതിനുമാണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
പുതിയ ചട്ടപ്രകാരം നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണം. കൂടാതെ, ഇവയുടെ കഴുത്തിൽ ഉടമയുടെ തിരിച്ചറിയൽ നമ്പറുള്ള മെറ്റൽ ടാഗുകൾ ഘടിപ്പിച്ച കോളറുകൾ ധരിപ്പിക്കുകയും വേണം. അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ നിന്ന് നായ്ക്കൾക്ക് കൃത്യമായ ആരോഗ്യ പരിശോധനയും വാർഷിക ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള പേവിഷബാധയ്ക്കെതിരെയുള്ള (Rabies) നിർബന്ധിത വാക്സിനേഷനും ഉറപ്പാക്കേണ്ടതാണ്.
പൊതുറോഡുകളിലും നടപ്പാതകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നായ്ക്കളെ നടക്കുമ്പോൾ അവയെ കൃത്യമായി ലെഷിൽ (Leash) ബന്ധിക്കണമെന്നും മൗസൽ (Muzzle – വായ മൂടി) ധരിപ്പിക്കണമെന്നും കർശന നിർദ്ദേശമുണ്ട്. പേവിഷബാധ സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ മൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ വെറ്ററിനറി കേന്ദ്രത്തെ അറിയിക്കണം. രോഗബാധയേറ്റതോ സംശയിക്കപ്പെടുന്നതോ ആയ മൃഗങ്ങളുടെ ജഡങ്ങൾ അനധികൃതമായി സംസ്കരിക്കുന്നതും നിയമപരമായി കുറ്റകരമാണ്. പൊതുജനാരോഗ്യവും സമൂഹ സുരക്ഷയും മുൻനിർത്തി മുഴുവൻ ഉടമകളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.





More Stories
ഇൻകാസ് കുവൈത്ത് ‘ഓണപെരുമ 2026’ ഗംഭീരമായി ആഘോഷിച്ചു; പ്രവാസലോകത്ത് കേരളത്തിന്റെ തനിമയാർന്ന മാതൃകയായി പ്രവർത്തകരുടെ മഹാസംഗമം
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജുമായി ഐബിപിസി കുവൈത്ത് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി
ഉമ്മർ മാട്ടുവയിലിന് കുവൈത്ത് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി