കുവൈറ്റ് സിറ്റി: രാജ്യത്തെ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഡെലിവറി കമ്പനികൾക്കും ഡ്രൈവർമാർക്കും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ബൈക്കുകളും മറ്റ് വാഹനങ്ങളും രണ്ടു മാസത്തേക്ക് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമായി അറിയിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം, ട്രാഫിക് ആന്റ് ഓപ്പറേഷൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഫഹദ് അൽ-അസ്മിയുടെ നേതൃത്വത്തിൽ ഡെലിവറി കമ്പനി പ്രതിനിധികളുമായി നടത്തിയ പ്രത്യേക യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ റാഷിദ് ഹമൂദ് അൽ-ഹാജ്രി അടക്കമുള്ള ഉന്നത ട്രാഫിക് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡെലിവറി ഡ്രൈവർമാർക്കിടയിൽ ഗതാഗത അവബോധം വളർത്തുന്നതിനുമാണ് ഈ ഉന്നതതല യോഗം വിളിച്ചുചേർത്തത്.
റോഡിൽ മറ്റ് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങളുടെ ജീവനക്കാരെ ബോധവൽക്കരിക്കാനും അവരെ നിരന്തരം നിരീക്ഷിക്കാനും ഡെലിവറി കമ്പനികൾക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫീൽഡ് പരിശോധനകളിൽ നിരവധി ഡെലിവറി ഡ്രൈവർമാർ ഗതാഗത ലംഘനങ്ങൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി വരും ദിവസങ്ങളിലും റോഡുകളിൽ ഫീൽഡ് പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.





More Stories
MCA “ആരോഗ്യ 2026” മെഡിക്കൽ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു
കുവൈറ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഡിജിറ്റൽ പരസ്യങ്ങൾക്കും കർശന നിയന്ത്രണം ; പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ
ഗാന്ധിസ്മൃതി കുവൈത്ത് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു