October 3, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘ഓർമ്മകളിലെ സൂര്യപ്രഭ’: സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ച് കെ.ഡി.എൻ.എ.

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടകപ്രവർത്തകനും സാംസ്കാരിക നായകനും ‘സൂര്യ’ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ സമ്മേളനം ‘ഓർമ്മകളിലെ സൂര്യപ്രഭ’ എന്ന പേരിൽ ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ചു. കുവൈത്തിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘടനാ പ്രതിനിധികളും സുഹൃത്തുക്കളും കലാസ്നേഹികളും ചടങ്ങിൽ പങ്കെടുത്തു.

കെ.ഡി.എൻ.എ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതമാശംസിച്ചു. അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബി.എസ്. പിള്ള, ഷറഫുദ്ദീൻ കണ്ണേത്ത്, സുരേഷ് കെ.പി., ബാബുജി ബത്തേരി, എസ്.എ. ലബ്ബ, ചെസിൽ രാമപുരം, ടി.വി. ഹിക്മത്, അനിൽ പി. അലക്സ്, നിക്സൺ ജോർജ്, അബ്ദുൽ സലാം, അനിയൻകുഞ്ഞ് പാപ്പച്ചൻ, സുരേഷ് മാത്തൂർ, രജിത തുളസീധരൻ, റാഫിയ അനസ് തുടങ്ങിയവർ സൂര്യ കൃഷ്ണമൂർത്തിയുടെ കലാജീവിതവും കുവൈത്തിലെ മലയാളി സമൂഹവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും അനുസ്മരിച്ചു. കെ.ഡി.എൻ.എ ഓഡിറ്റർ അസീസ് തിക്കോടി നന്ദി രേഖപ്പെടുത്തി.

ഐ.എസ്.ആർ.ഒ -യിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സൂര്യ കൃഷ്ണമൂർത്തി പിന്നീട് തന്റെ ജീവിതം കേരളത്തിന്റെ കലാ-സാംസ്കാരിക മേഖലയ്ക്കായി സമർപ്പിക്കുകയായിരുന്നു. സൂര്യ ഫെസ്റ്റിവലിലൂടെ ലോകപ്രശസ്ത നൃത്ത-സംഗീത പ്രതിഭകളെയും കലാപ്രേമികളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിലും കേരളത്തിന്റെ സാംസ്കാരിക സാന്നിധ്യം ആഗോളതലത്തിൽ ഉയർത്തുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. നാടക-ചലച്ചിത്ര രംഗത്തും ലൈറ്റ് ആൻഡ് സൗണ്ട് ഷോ മേഖലയിലും അദ്ദേഹം നൽകിയ സംഭാവനകളും യോഗത്തിൽ അനുസ്മരിച്ചു.

‘മേൽവിലാസം’, ‘എന്റെ രക്ഷകൻ’, ‘ചായക്കടക്കഥകൾ’ തുടങ്ങിയ ശ്രദ്ധേയമായ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറായും കേരള സംഗീത നാടക അക്കാദമി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കേരളപ്രഭ, രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കുവൈത്തിലെ മലയാളി സമൂഹവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന സൂര്യ കൃഷ്ണമൂർത്തി നിരവധി പ്രമുഖ കലാകാരന്മാരെയും കലാകാരികളെയും കുവൈത്തിലെത്തിച്ച് കലാപ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിലും സജീവമായിരുന്നു. കെ.ഡി.എൻ.എയുടെ മലബാർ മഹോത്സവം ഉൾപ്പെടെയുള്ള പരിപാടികളിൽ അദ്ദേഹത്തിന്റെ സൗഹൃദവും സഹകരണവും ഏറെ വിലമതിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കെ.ഡി.എൻ.എ ട്രഷറർ എം.പി. അബ്ദുറഹ്മാൻ, അഡ്വൈസറി ബോർഡ് അംഗം സന്തോഷ് പുനത്തിൽ, വൈസ് പ്രസിഡന്റുമാരായ തുളസീധരൻ തോട്ടക്കര, ഉബൈദ് ചക്കിട്ടക്കണ്ടി, ജോയിന്റ് സെക്രട്ടറി ആർ.എൻ. ഷൗക്കത്തലി, ജോയിന്റ് ട്രഷറർ പ്രത്യുമ്നൻ മൂടാട്ട്, മെമ്പർഷിപ്പ് സെക്രട്ടറി ടി.എം പ്രജു, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനസ് പുതിയോട്ടിൽ, ഷാജഹാൻ കളത്തിൽ, സമീർ വെള്ളയിൽ, വുമൺസ് ഫോറം സെക്രട്ടറി സക്കീന അഷറഫ്, സാൽമിയ ഏരിയ പ്രസിഡൻറ് വിനോദ് നടുവിലയിൽ, അബ്ബാസിയ ഏരിയ പ്രസിഡണ്ട് ഷാഫി എ.കെ, സെക്രട്ടറി അനുദീപ് വടക്കയിൽ എന്നിവരോടൊപ്പം കേന്ദ്ര-ഏരിയ വുമൺസ് ഫോറം ഭാരവാഹികളും അനുസ്മരണ സമ്മേളനം ഏകോപിപ്പിച്ചു.

error: Content is protected !!