കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം സുതാര്യവും കൃത്യവുമാക്കാൻ പുതിയ നിരീക്ഷണ സംവിധാനവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ‘വേജ് പേയ്മെന്റ് ആന്റ് പ്രൊട്ടക്ഷൻ സിസ്റ്റം’ (Wage Payment and Protection System) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഇലക്ട്രോണിക് സംവിധാനം സെപ്റ്റംബർ അവസാനത്തോടെ പൂർണമായി നടപ്പിലാകും. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ചെറുകിട കമ്പനികൾ മുതൽ വൻകിട സ്ഥാപനങ്ങൾ വരെയുള്ള എല്ലാ സ്വകാര്യ മേഖല സ്ഥാപനങ്ങളും ഈ സംവിധാനത്തിന്റെ പരിധിയിൽ വരും. പ്രാദേശിക ബാങ്കുകൾ വഴി നടക്കുന്ന ശമ്പള വിതരണം ഒരൊറ്റ കേന്ദ്രീകൃത ഇലക്ട്രോണിക് ശൃംഖലയിലൂടെ സെൻട്രൽ ബാങ്കിന് തത്സമയം നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. തൊഴിൽ കരാറിലെ വേതന തുകയും അക്കൗണ്ടിലേക്ക് യഥാർത്ഥത്തിൽ കൈമാറുന്ന തുകയും തമ്മിൽ സിസ്റ്റം കൃത്യമായി ഒത്തുനോക്കും. ഇതിലൂടെ ശമ്പളം വൈകുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ മുൻകൂട്ടി കണ്ടെത്താനും കർശന നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് സാധിക്കും.
ശമ്പള വിതരണത്തിലെ കൃത്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനൊപ്പം രാജ്യം ലക്ഷ്യമിടുന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളുടെയും ബാങ്കിങ് സേവനങ്ങളുടെയും ഉപയോഗം വിപുലീകരിക്കാനും പദ്ധതി സഹായിക്കും. പുതിയ നിരീക്ഷണ സംവിധാനം ആരംഭിക്കുന്നതിനാവശ്യമായ സാങ്കേതിക ഒരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ രാജ്യത്തെ പ്രാദേശിക ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.





More Stories
മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു
വ്യക്തിഗത സ്പോൺസർഷിപ്പ് വിസ ( ആർട്ടിക്കിൾ 7 ) വിഭാഗക്കാർക്ക് സിവിൽ സ്റ്റാറ്റസ് പുതുക്കാൻ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ
മലങ്കര കൾച്ചറൽ അസോസിയേഷൻ്റെ ‘ഒന്നിച്ചൊരോണം 2026’ വർണാഭമായി