കുവൈറ്റ് സിറ്റി: പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷന്റെ പത്താം പ്രവർത്തന വർഷത്തോടനുബന്ധിച്ച് വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കാളികളായി രക്തദാനം ചെയ്തു.
പ്രയാണം കുവൈറ്റ് അസോസിയേഷൻ പ്രസിഡന്റ് ജിജോ പി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തകൻ ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകയുമായ ഡോ. സുസോവിന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാനവ നന്മയ്ക്കായി പ്രയാണം കുവൈറ്റ് നിരന്തരമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഡോ. സുസോവിന, രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും ആരോഗ്യപരമായ പ്രയോജനങ്ങളെക്കുറിച്ചും സംസാരിച്ചു.
ക്യാമ്പിൽ രക്തദാനം നിർവ്വഹിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം സംഘടനയുടെ രക്ഷാധികാരി സിനു ജോൺ നിർവ്വഹിച്ചു. അസോസിയേഷന്റെ 8 യൂണിറ്റുകളിൽ നിന്നുമുള്ള കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, മറ്റ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ വി. വിനോദ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഗിരിജ വിജയൻ സംഘടനയുടെ പ്രവർത്തനരീതികൾ വിശദീകരിക്കുകയും ട്രഷറർ രമേശ് നായർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.





More Stories
കുവൈറ്റിൽ നിന്നും അവധിക്കായി നാട്ടിലെത്തിയ കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു
കുവൈറ്റ് അൽ-മുത്ലാ സിറ്റിയിലെ ഷോപ്പിംഗ് മാളിനുള്ളിൽ ഉയരത്തിൽ നിന്നും വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്
കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ നടന്ന ശക്തമായ സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 89 പേർ പിടിയിൽ ; 25,000-ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി