May 21, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA) വാർഷിക ജനറൽ ബോഡി യോഗം പ്രൗഢമായി നടന്നു

കുവൈറ്റ് സിറ്റി: കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്റെ (KEA) 2025–2026 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം (AGM) മെയ് 15-ന് ഫഹാഹീലിലെ സഫീർ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. അസോസിയേഷൻ അംഗങ്ങൾ, കുടുംബാംഗങ്ങൾ, മുൻ ഭാരവാഹികൾ, സ്പോൺസർമാർ, വിശിഷ്ടാതിഥികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് ക്രിസ്റ്റി തോമസ് സ്വാഗതം ആശംസിച്ചതോടെ ആരംഭിച്ച യോഗത്തിൽ, 1997-ലെ രൂപീകരണം മുതൽ കെ.ഇ.എ. കെട്ടിപ്പടുത്ത ഒത്തൊരുമയുടെയും പ്രൊഫഷണലിസത്തിന്റെയും സേവനത്തിന്റെയും ചരിത്രം അനുസ്മരിച്ചു.

അസോസിയേഷൻ പ്രസിഡന്റ് റെഞ്ചി വർഗീസ് അധ്യക്ഷപ്രസംഗം നടത്തി. ഇസി-28 (EC-28) ഭരണസമിതിയുടെ നേതൃത്വത്തിൽ കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം വിശദീകരിക്കുകയും, എല്ലാ അംഗങ്ങൾക്കും വോളന്റിയർമാർക്കും സ്പോൺസർമാർക്കും നന്ദി അറിയിക്കുകയും ചെയ്തു. കുവൈറ്റിലും ആഗോളതലത്തിലുമുള്ള അംഗങ്ങൾക്കിടയിലെ വൈകാരിക ബന്ധം ശക്തമാക്കാൻ കഴിഞ്ഞ വർഷം സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി നിഹാര റിസോർട്ടിൽ നടന്ന ‘കേരള ഗെറ്റ്-ടുഗെദർ’, ‘അതിരുകളില്ലാതെ’ എന്ന പ്രമേയത്തിൽ കുവൈറ്റിൽ സംഘടിപ്പിച്ച ഓണാഘോഷം, ലോക പരിസ്ഥിതി ദിന മത്സരങ്ങൾ, ഫോട്ടോഗ്രാഫി മത്സരം, ‘വന്ദനം’ ഭവന സന്ദർശനങ്ങൾ, വനിതാ വിഭാഗം ഒരുക്കിയ ‘ദി പിങ്ക് എസ്കേപ്പ്’, സർഗോത്സവം, കിഡ്സ് ക്ലബ്-ക്വിസ് ക്ലബ് പ്രവർത്തനങ്ങൾ, വിവിധ വർക്ക്ഷോപ്പുകൾ എന്നിവ അസോസിയേഷന്റെ സാമൂഹിക-സാംസ്കാരിക മുഖം കൂടുതൽ ശക്തമാക്കിയതായി പ്രസിഡന്റ് കൂട്ടിച്ചേർത്തു. മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി ‘KEA–Metro Family Privilege Scheme’ ആരോഗ്യ പരിരക്ഷാ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞതും, കെ.എഫ്.എൽ (KFL), കെ.വി.എഫ്.എൽ (KVFL), കെ.കെ.എഫ്.എൽ (KKFL) എന്നീ ഫുട്ബോൾ ലീഗുകൾ ഒന്നിച്ച് വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചതും ഈ വർഷത്തെ പ്രധാന നേട്ടങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു. പുതിയതായി ചുമതലയേൽക്കുന്ന ഇസി-29 (EC-29) സമിതിക്ക് അദ്ദേഹം ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി വിജയലക്ഷ്മി ഗോവിന്ദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കുവൈറ്റിലുടനീളമുള്ള മുന്നൂറോളം അംഗങ്ങളുടെ വീടുകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേരിട്ട് സന്ദർശിച്ച ‘കെ.ഇ.എ വന്ദനം’ എന്ന പദ്ധതി അസോസിയേഷന്റെ കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കിയതായി അവർ അറിയിച്ചു. തുടർച്ചയായി നാലാം വർഷവും സിഇടിഎഎ (CETAA) കിഡ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം കെ.ഇ.എയുടെ കുട്ടികൾ നിലനിർത്തിയത് പരിശീലന മികവിന്റെ തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി. മുന്നൂറോളം പേർ പങ്കെടുത്ത ‘ഫിറ്റ്നസ് ക്ലബ്’ വാക്കിംഗ് ചലഞ്ചുകൾ, ശാസ്ത്രോത്സവ് 2025-ൽ ‘പെൽറ്റിയർ എൻഡോ-എക്സോ കൂളിംഗ് സിസ്റ്റം’ എന്ന പ്രൊജക്റ്റിന് ലഭിച്ച രണ്ടാം സ്ഥാനം എന്നിവയും റിപ്പോർട്ടിൽ പരാമർശിച്ചു. പ്രോഗ്രാംസ് ആന്റ് പാർട്ണർഷിപ്പ് പോർട്ടൽ, കെ.ഇ.എ ക്ലാസിഫൈഡ്സ്, ‘വന്ദനം ക്രോണിക്കിൾസ്’ ഡിജിറ്റൽ ആർക്കൈവ് എന്നിവയിലൂടെ കൈവരിച്ച ഡിജിറ്റൽ പുരോഗതിക്ക് ട്രഷറർ ജിമ്മി ജോസ് അരിക്കാട്ട്, വിനയൻ പി.ആർ. എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.

പൊതുചടങ്ങിൽ വെച്ച് അസോസിയേഷന്റെ വാർഷിക സ്മരണികയും (Annual Souvenir) ‘വന്ദനം ക്രോണിക്കിൾസ്’ ഡിജിറ്റൽ ആൽബവും പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ പ്രൊഫഷണൽ, അക്കാദമിക്, കായിക, സാംസ്കാരിക മികവ് തെളിയിച്ച അംഗങ്ങളെയും കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. മുഖ്യ സ്പോൺസർമാർക്കുള്ള ഉപഹാരങ്ങളും കൈമാറി.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ആകർഷകമായ മാജിക് ഷോ, ഗസ്റ്റ് കുടുംബാംഗമായ റൂത്ത് ടോബിയുടെ സംഗീത വിരുന്ന്, അൽ അൻസാരി ലക്കി ഡ്രോ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

ജോയിന്റ് ജനറൽ സെക്രട്ടറി ഷെജി പള്ളി നന്ദി പ്രകാശനം നടത്തി. പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ ആയ അൽ അൻസാരി എക്സ്ചേഞ്ച് കുവൈറ്റ്, ഡയമണ്ട് സ്പോൺസർ കല്യാൺ ജ്വല്ലേഴ്സ്, ഗോൾഡ് സ്പോൺസർമാരായ കെ.ഡി.ഡി (KDD), അൽ സുൽത്താൻ ആന്റ് ഖലഫ് ട്രേഡിങ് കമ്പനി എന്നിവർക്കും, വാർഷികം വൻ വിജയമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും വോളന്റിയർമാർക്കും അദ്ദേഹം കെ.ഇ.എയുടെ പേരിൽ നന്ദി രേഖപ്പെടുത്തി.

error: Content is protected !!