കുവൈറ്റ് സിറ്റി: വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരാതികളിൽ വേഗത്തിൽ പരിഹാരം കാണുന്നതിനുമായി പുതിയ സംവിധാനവുമായി കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA). വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും ഇനി മുതൽ സർക്കാർ സേവനത്തിനായുള്ള ഏകജാലക സംവിധാനമായ ‘സഹേൽ’ (Sahel) ആപ്പ് വഴി സമർപ്പിക്കണമെന്ന് ഡിജിസിഎ യാത്രക്കാരോട് നിർദ്ദേശിച്ചു.
യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും പരാതികളിന്മേലുള്ള തുടർനടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കമെന്ന് ഡിജിസിഎ അറിയിച്ചു. ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെയാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
എന്തൊക്കെ പരാതികൾ സമർപ്പിക്കാം?
വിമാനയാത്രയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സഹേൽ ആപ്പ് വഴി പരാതി നൽകാവുന്നതാണ്:
വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച പരാതികൾ.
ലഗേജുകൾ (Baggage) നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നത്.
സർവീസുകൾ റദ്ദാക്കൽ, ബുക്കിംഗ് മാറ്റങ്ങൾ.
വിമാനത്തിലെ യാത്രാ ക്ലാസ്സുകളിൽ മാറ്റം വരുത്തുന്നത്.
യാത്രക്കാരെ വിമാനത്തിൽ കയറ്റാൻ വിസമ്മതിക്കുന്നത് (Refusal to board).
ടിക്കറ്റ് തുക മടക്കി ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്ലെയിമുകൾ.
പാക്കേജ് ടൂറുകൾ, വ്യാജ ബുക്കിംഗുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ.
കൂടാതെ, വിമാനത്തിന്റെ റൂട്ട് മാറ്റം, ടേക്ക് ഓഫിന് ശേഷം വിമാനം തിരിച്ചിറക്കേണ്ടി വരുന്ന സാഹചര്യങ്ങൾ, വിമാനത്തിനുള്ളിൽ സംഭവിക്കുന്ന പരിക്കുകൾ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളും ഈ ആപ്പ് വഴി റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായും, യാത്രക്കാരും വിമാനത്താവള അധികൃതരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനുമാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. പരാതികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി നൽകുന്നത് അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല