കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൻതോതിൽ വ്യാജ വിദേശ കറൻസികൾ വിതരണം ചെയ്യുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഫർവാനിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) നടത്തിയ മിന്നൽ പരിശോധനയിൽ ആറ് സിറിയൻ പൗരന്മാരാണ് വലയിലായത്. ഇവരിൽ നിന്ന് 1,30,000 വ്യാജ യുഎസ് ഡോളർ (ഏകദേശം 40,000 കുവൈറ്റ് ദിനാർ) സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
രാജ്യത്ത് വ്യാജ കറൻസികൾ വിതരണം ചെയ്യുന്ന ഒരു സംഘം സജീവമാണെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാ വിഭാഗം നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇടപാടുകാരെന്ന വ്യാജേന പ്രതികളെ സമീപിക്കുകയും കള്ളനോട്ടുകൾ കൈമാറുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടുകയുമായിരുന്നു. ഫർവാനിയയിലും ജലീബ് അൽ ശുയൂഖിലുമായി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
നടപടികൾ ശക്തമാക്കി മന്ത്രാലയം: പിടിയിലായ ആറ് പ്രതികളും സിറിയൻ സ്വദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വ്യാജ കറൻസി ഉപയോഗിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ താമസ നിയമങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി