കുവൈറ്റ്: കുവൈറ്റിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ മെൻസ് വോയ്സ് & കോറൽ സൊസൈറ്റി, കുവൈറ്റിന്റെ (MVCSK) ഒരു വർഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 5-ന് കൊടിയിറങ്ങും. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ശ്രീ. അൽഫോൺസ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന മെഗാ സംഗീത ശില്പം ജലീബ് അൽ ഷുയൂഖിലെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 2025 ഡിസംബർ 5, വെള്ളിയാഴ്ച വൈകിട്ട് 6.30-ന് അരങ്ങേറും.
2001-ൽ ക്വയർമാസ്റ്റർ ശ്രീ. സണ്ണി മാലിയിലിന്റെ നേതൃത്വത്തിൽ ശ്രീ. സാജൻ കല്ലുപാലത്തിന്റെയും ഡോ. സൈമൺ ഈശോയുടെയും സാന്നിധ്യത്തിലാണ് ഒരുപറ്റം സംഗീത പ്രേമികൾ ചേർന്ന് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.
കഴിഞ്ഞ 24 വർഷങ്ങളിലായി 250-ൽ അധികം ഗായകർക്ക് ഹാർമണി സംഗീതം അഭ്യസിക്കാനും പാടാനും MVCSK അവസരം നൽകി. മരുഭൂമിയിലെ തിരക്കിട്ട ജീവിതത്തിനിടയിൽ പലർക്കും ഇത് ആശ്വാസത്തിന്റെ തുരുത്തായി.
2009-ലും 2010-ലും പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും ഉയരം കൂടിയതുമായ മനുഷ്യ ക്രിസ്തുമസ് ട്രീകൾ ഒരുക്കി MVCSK ചരിത്രത്തിൽ ഇടംനേടി. 2015-ൽ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ജെറി അമൽദേവിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ് ഗാനസന്ധ്യയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു വർഷം നീണ്ട ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട്, 2025 ജൂലൈ 11-ന് കോട്ടയം സി.എം.എസ്. കോളേജ് ചാപ്പലിൽ വെച്ച് ചർച്ച് മ്യൂസിക്കിനും ഹാർമണി സംഗീതത്തിനുമായി ജീവിതം സമർപ്പിച്ച 50 സീനിയർ സിറ്റിസൺ കോറിസ്റ്റേഴ്സിനെ ആദരിച്ചുകൊണ്ട് ‘Voice of Wisdom’ എന്ന പരിപാടി നടത്തി. ജൂലൈ 12-ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്താ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മെഗാ മ്യൂസിക്കൽ കൺസേർട്ടും ക്വയർ ഫെസ്റ്റിവലും സംഗീത പ്രേമികൾക്ക് അവിസ്മരണീയ വിരുന്നായി. പ്രസ്തുത പരിപാടിയിൽ ശ്രീ. ജെറി അമൽദേവാണ് മുഖ്യാതിഥിയായത്.
ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന ഡിസംബർ 5-ലെ മെഗാ സംഗീത ശില്പം ‘Sing Hallelujah’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
MVCSK-യുടെ 60 അംഗ ഗായകസംഘത്തിന് ക്വയർമാസ്റ്റർ ശ്രീ. അജിത് ബാബുവും അസിസ്റ്റന്റ് ക്വയർ മാസ്റ്റർ ശ്രീ. റിജോ ഏബ്രഹാം മാത്യുവും നേതൃത്വം നൽകും.
ശ്രീ. ജോർജ്ജ് വർഗ്ഗീസ് പരിശീലനം നൽകിയ 33 അംഗ ജൂനിയർ ക്വയറും വേദിയിൽ ഗാനമാലപിക്കും.
കുവൈറ്റിലെ വിവിധ ചർച്ച് ഗായകസംഘങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 102 അംഗ മാസ്സ് ക്വയറിനെ ക്വയർമാസ്റ്റർ ശ്രീ. അജിത് ബാബുവും ശ്രീ. അൽഫോൺസ് ജോസഫും നയിക്കും. MVCSK യുടെ നേതൃത്വത്തിലുള്ള നാലാമത് മാസ്സ് ക്വയർ പ്രസന്റേഷനാണിത്.
പാശ്ചാത്യ-പൗരസ്ത്യ ഗാനങ്ങളെ കോർത്തിണക്കിയുള്ള ഈ സംഗീത ശില്പത്തിന്റെ ജൂബിലി ഗാനം ചിട്ടപ്പെടുത്തിയത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. തോമസ് ജേക്കബ് കൈതയിലാണ്.
ഓർഗനൈസർമാരായ ശ്രീ. തോമസ് തോമസ്, ശ്രീ. ആകാശ് ജോൺ തോമസ്, ശ്രീ. ഷിബു സൈമൺ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.








More Stories
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്
കുവൈറ്റിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ നീക്കം; പ്രതിരോധിച്ച് സൈന്യം