കുവൈത്ത് സിറ്റി: സിവിൽ ഐഡി കാർഡുകളിലെ ഫോട്ടോ ചേർക്കുന്നതിനും പുതുക്കുന്നതിനുമായി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (paci). സർക്കാർ സേവനങ്ങൾക്കുള്ള ഏകീകൃത ആപ്ലിക്കേഷനായ ‘സഹേൽ’ വഴി കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.ഈ നീക്കം സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്.
പുതിയ സംവിധാനം വരുന്നതോടെ, ഉപയോക്താക്കൾക്ക് പാസി ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ഓൺലൈനായി ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാനാകും.ഇത് ഇടപാടുകൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സഹായിക്കും.
പ്രധാനമായും അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികളുടെ സിവിൽ ഐഡിയിലെ ഫോട്ടോ ചേർക്കുന്നതിനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. രക്ഷിതാക്കൾക്ക് അവരുടെ സഹേൽ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് മക്കളുടെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:
- ‘സഹേൽ’ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക.
- ‘സേവനങ്ങൾ’ (Services) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) തിരഞ്ഞെടുക്കുക.
- തുടർന്ന് ‘വ്യക്തിഗത സേവനങ്ങൾ’ (Personal Services) എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഫോട്ടോ ചേർക്കാനോ പുതുക്കാനോ ഉള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ആവശ്യമായ രേഖകൾ, അതായത് പുതിയ ഫോട്ടോയും സിവിൽ ഐഡിയുടെ പകർപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ നില പരിശോധിക്കാവുന്നതാണ്.
സമർപ്പിക്കുന്ന അപേക്ഷകൾ പാസി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയായാൽ അപേക്ഷകരെ വിവരമറിയിക്കും. ഫോട്ടോ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ സാധാരണയായി മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി