March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ചും ലുലു മണിയും


ദുബായ്: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) പങ്കാളിത്തം പ്രഖ്യാപിച്ച് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിലുള്ള പ്രമുഖ ധനകാര്യ സേവന സ്ഥാപനങ്ങളായ ലുലു എക്സ്ചേഞ്ചും ലുലു മണിയും. ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇതോടെ, കുവൈത്ത്, യുഎഇ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെ ലുലു എക്സ്ചേഞ്ചും, ഗ്രൂപ്പിന്റെ പണമടയ്ക്കാനുള്ള ആപ്ലിക്കേഷനായ ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ്റെ പ്രാദേശിക ഫിൻടെക് പങ്കാളികളായി.


2026-ലെ ഫിഫ ലോകകപ്പ് വരെ നീളുന്നതാണ് ഈ പങ്കാളിത്തം. അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അദീബ് അഹമ്മദ്, എഎഫ്‌എ എക്‌സിക്യൂട്ടീവുകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


ഈ പങ്കാളിത്തത്തിലൂടെ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിൽ 10 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ അതത് മേഖലകളിൽ എഎഫ്‌എയുടെ ഔദ്യോഗിക പങ്കാളികളാകും. ഇന്ത്യയിൽ ലുലു ഫോറെക്സ്, ലുലു ഫിൻസെർവ് എന്നിവ ബ്രാൻഡിനെ പ്രതിനിധീകരിക്കും. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയാണ് പങ്കാളിത്തം ഏറ്റെടുക്കുക.


അടുത്ത 12 മാസങ്ങളിൽ, ലുലുഫിൻ സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്കായി ഡിജിറ്റലായും 380-ൽ അധികം വരുന്ന ശാഖകൾ വഴിയും നിരവധി പ്രചാരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. വിജയികൾക്ക് മത്സര ടിക്കറ്റുകൾ, എഎഫ്‌എയുടെ ഔദ്യോഗിക ഉൽപ്പന്നങ്ങൾ, കളിക്കാരെ നേരിൽ കാണാനുള്ള അവസരം എന്നിവ സമ്മാനമായി ലഭിക്കും.


“അർജന്റീനൻ ടീം എണ്ണമറ്റ ആരാധകർക്ക് ഫുട്ബോളിനും അപ്പുറം പ്രതീക്ഷയുടെയും സന്തോഷത്തിൻ്റെയും പ്രതീകമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതയാത്രയിലും ഇതേ വികാരങ്ങൾ കാണാം. ഈ പങ്കാളിത്തം ആ ഊർജ്ജത്തിൻ്റെ ആഘോഷമാണ്” എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
ലുലുഫിൻ കുടുംബത്തെ പുതിയ റീജിയണൽ സ്പോൺസർമാരായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് എഎഫ്‌എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ പറഞ്ഞു.ഈ സഹകരണം ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യ, ഏഷ്യാ-പസഫിക്, മിഡിൽ ഈസ്റ്റ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സുമായുള്ള ഈ പങ്കാളിത്തം എഎഫ്‌എ ബ്രാൻഡിന്റെ ആഗോള വളർച്ചയിലെ ഒരു പുതിയ ചുവടുവെപ്പാണെന്ന് എഎഫ്‌എയുടെ കൊമേഴ്‌സ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും അർജന്റീന ദേശീയ ടീമിന് ലഭിക്കുന്ന ശക്തമായ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.

error: Content is protected !!